ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ നോക്കിയത് നാല് വട്ടം; വിഷക്കൂണില്‍ മരിച്ചുവീണത്‌ ഭര്‍ത്താവിന്റെ ബന്ധുക്കള്‍;’മഷ്റൂം മര്‍ഡര്‍’ കേസിലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റക്കാരി

വിക്ടോറിയ: മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം ഓസ്‌ട്രേലിലയിലെ ‘മഷ്റൂം മര്‍ഡര്‍’ കേസിലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തി . 2023 ജൂലൈ 29-ന് വിക്ടോറിയയില്‍ സ്വന്തം കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഭര്‍തൃമാതാവ് ഗെയില്‍ പാറ്റേഴ്‌സണ്‍, ഭര്‍തൃപിതാവ് ഡോണ്‍ പാറ്റേഴ്‌സണ്‍, ബന്ധുവായ ഹെതര്‍ വില്‍ക്കിന്‍സണ്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്ന കേസില്‍ പതിനൊന്ന് ആഴ്ചത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.

വിചാരണയിലുടനീളം എറിന്‍ താൻ നിരപരാധിയാണെന്ന്‌ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. കേസില്‍ വഴിത്തിരിവായത് ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസിന് ലഭിച്ച തെളിവുകളും എറിന്‍ പറഞ്ഞ ചില നുണകളുകളുമാണ്. കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ട എറിന്റെ മുന്‍ ഭര്‍ത്താവാണ് കേസിലെ പ്രധാന സാക്ഷി. ഓവേറിയന്‍ ക്യാന്‍സറാണെന്ന വിവരം മക്കളെ അറിയിക്കാന്‍ ഉപദേശം വേണമെന്നും ഇനി ഒരിക്കലും ഇത്തരമൊരു കൂടിച്ചേരല്‍ ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും വിശദമാക്കിയാണ് എറിന്‍ ഭര്‍തൃകുടുംബത്തെ വിളിച്ചുവരുത്തിയത്. എന്നാല്‍, ഭര്‍ത്താവ് സൈമണ്‍ പാറ്റേഴ്‌സണ്‍ വിരുന്നിനു വന്നില്ല. തനിക്ക് എത്താനാകില്ലെന്ന് സൈമണ്‍ പറഞ്ഞപ്പോള്‍, വരണമെന്ന് നിര്‍ബന്ധിച്ച് എറിന്‍ സന്ദേശം അയച്ചു. തയ്യാറാക്കിയ വിഭവങ്ങളെക്കുറിച്ചും വിശദീകരിച്ചു.

എറിന്‍ വിളിച്ച് വരുത്തിയ പ്രകാരം സൈമണിന്റെ മാതാപിതാക്കളായ ഡോണും ഗെയിലും പ്രാദേശിക പുരോഹിതനായ ഇയാന്‍ വില്‍ക്കിന്‍സണും ഭാര്യ ഹെതറും വിരുന്നില്‍ പങ്കെടുത്തു. അതിഥികള്‍ക്ക് വേണ്ടി ബീഫ് വെല്ലിങ്ടണ്‍ എന്ന വിഭവമാണ് ഇവര്‍ പാചകം ചെയ്തത്. ഇവര്‍ക്കെല്ലാം രാത്രിയോടെ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ തുടങ്ങി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങിയെങ്കിലും എന്താണ് വിഷബാധയുടെ കാരണമെന്ന് തുടക്കത്തില്‍ കണ്ടെത്താനായില്ല. വൈകാതെ ഇയാന്‍ ഒഴികെയുള്ളവര്‍ മരണത്തിന് കീഴടങ്ങി.

മൃതദേഹ പരിശോധനയില്‍ ശരീരത്തില്‍ അമിത അളവില്‍ അമാടോക്‌സിന്‍ എന്ന വിഷാംശം ഉണ്ടായിരുന്നതായി കണ്ടെത്തി. ചികിത്സയിലായിരുന്ന ലാന്‍ വില്‍ക്കിന്‍സണില്‍ നടത്തിയ ആന്തരിക പരിശോധനയിലും സമാനമായ വിഷാംശം കണ്ടെത്തിയതാണ് ഇവർ കഴിച്ച ഭക്ഷണത്തിലേക്ക് അന്വേഷണം കൊണ്ടുചെന്നെത്തിച്ചത്. എല്ലാവരും കഴിച്ച ആഹാരത്തില്‍ മാരകവിഷാംശമുള്ള അമാനിറ്റാ വിഭാഗത്തില്‍പെട്ട കൂണ്‍ ഉള്‍പെട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.

ചോദ്യം ചെയ്യലില്‍ വിരുന്നില്‍ കൂണ്‍ വിഭവം വിളമ്പിയ വിവരം മറച്ചുവെക്കാന്‍ എറിന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. മനഃപൂര്‍വം ചെയ്തതെല്ലെന്നും അബദ്ധം പറ്റിയതാണെന്നും വാദിക്കാനാണ് ശ്രമിച്ചത്. കാന്‍സര്‍ രോഗത്തിന്റെ പേരിലാണ് എറിന്‍ ഭര്‍തൃകുടുംബത്തെ വിളിച്ചുവരുത്തിയത്. അത് കള്ളമാണെന്ന് തെളിഞ്ഞതോടെ എറിനിലേക്ക് തന്നെ അന്വേഷണം കേന്ദ്രീകരിച്ചു.

ഡെത്ത് ക്യാപ്പില്‍ മൂന്ന് പ്രധാന തരം വിഷവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്- അമാറ്റോക്‌സിന്‍, ഫാലോടോക്‌സിന്‍, വൈറോടോക്‌സിന്‍. മനുഷ്യരില്‍ അമാറ്റോക്‌സിനുകള്‍ ഡിഎന്‍എയുടെ ഉല്‍പാദനത്തെ തടയുന്നു. ഇത് കരള്‍, വൃക്ക എന്നിവയുടെ തകരാറിലേക്കും ചികിത്സിച്ചില്ലെങ്കില്‍ കോമയിലേക്കും മരണത്തിലേക്കും നയിക്കുന്നു. ഒരു കൂണില്‍ മാരകമായേക്കാവുന്ന വിഷാംശത്തിന്റെ പല മടങ്ങ് അടങ്ങിയിരിക്കാം; പ്രായപൂര്‍ത്തിയായ ഒരാളെ കൊല്ലാന്‍ ഒരു ചെറിയ കഷണം മാത്രം മതി. കൂണ്‍ തിളപ്പിക്കുകയോ പാകം ചെയ്യുകയോ മരവിപ്പിക്കുകയോ ഉണക്കുകയോ ചെയ്താല്‍ വിഷാംശം നശിപ്പിക്കാനാവില്ല. കൊലപാതകങ്ങള്‍ക്കായി വിഷക്കൂണ്‍ ഉപയോഗിക്കുന്നത് വ്യാപകമാവുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ നാല് തവണ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ എറിന്‍ ശ്രമിച്ചു. ഇത് സംബന്ധിച്ച തെളിവുകള്‍ പോലീസിന് ലഭിച്ചു. വിഷക്കൂണ്‍ കൊലപാതകത്തിലും ഭര്‍ത്താവ് തന്നെയായിരുന്നു പ്രധാന ലക്ഷ്യം. അദ്ദേഹം വിരുന്നിന് പങ്കെടുക്കില്ലെന്ന് പറഞ്ഞതോടെ എറിന്‍ അസ്വസ്ഥയായി. വരണമെന്ന് പറഞ്ഞ് നിര്‍ബന്ധിക്കുന്ന സന്ദേശങ്ങളും പോലീസ് കണ്ടെടുത്തു.

വിഷാംശം കൂടുതലുള്ള കൂണ്‍ വളര്‍ത്തിയെടുത്തതാണ് പ്രതി. സംശയം തോന്നാതിരിക്കാന്‍ വിരുന്നു നൽകുന്ന ദിവസം സാധാരണ കറി വെക്കാറുള്ള കൂണ്‍ മേടിച്ചു. വിഷക്കൂണ്‍ ഉണക്കാനുള്ള ഡീഹൈഡ്രേറ്റര്‍ മേടിച്ചു, പക്ഷേ, അത് ഉപേക്ഷിച്ചത് തുമ്പായി. കൂണുകളുടെയും ഡീഹൈഡ്രേറ്ററിന്റെയും സെര്‍ച്ച് ഹിസ്റ്ററി ഇല്ലാതാക്കാന്‍ ഫോണ്‍ റീസെറ്റ് ചെയ്തതും പൊലീസ് കണ്ടെത്തി. ബാക്കിവന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ഇവര്‍ നശിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഓവനില്‍ നടത്തിയ പരിശോധനയില്‍ വിഷക്കൂണിന്റെ അശം കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News