പാക്കിസ്ഥാന് പിന്നാലെ ട്രംപിനെ സമാധാനത്തിനുള്ള നൊബേലിന് നാമനിർദേശം ചെയ്ത് ഇസ്രയേലും; നന്ദി പറഞ്ഞ് ട്രംപ്‌

ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: പാകിസ്താന് പിറകേ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്ത് ഇസ്രയേലും. വൈറ്റ് ഹൗസില്‍ നടന്ന അത്താഴ വിരുന്നിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെയാണ് ഇക്കാര്യം നാമനിർദേശം നടത്തിയ കാര്യം ട്രംപിനോട് വെളിപ്പെടുത്തിയത്.

സമാധാനാന്തരീക്ഷം കെട്ടിപ്പടുക്കുന്നതില്‍ വഹിച്ച പങ്ക് ചൂണ്ടിക്കാണിച്ചാണ് ട്രംപിന് നൊബേല്‍ സമ്മാനം കൊടുക്കണമെന്ന് നിർദേശിച്ചതെന്ന് നെതന്യാഹു പറഞ്ഞു. ‘ഇതിനോടകം തന്നെ സമാധാനം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ യുഎസ് പ്രസിഡന്റ് വലിയ സാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള അബ്രഹാം ഉടമ്പടി തയ്യാറാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.

ഞങ്ങള്‍ ഇവിടെ ഇരുന്ന് സംസാരിക്കുമ്പോള്‍ തന്നെ അദ്ദേഹം മറ്റ് രാജ്യങ്ങളില്‍ സമാധാനാന്തരീക്ഷം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നുണ്ടാകും. അതുകൊണ്ട് സാമാധാനത്തിനുള്ള നൊബേലിന് നാമനിര്‍ദേശം ചെയ്ത് കൊണ്ട് നൊബേല്‍ കമ്മിറ്റിക്ക് ഞാന്‍ അയച്ച കത്ത് നിങ്ങള്‍ക്ക് സമര്‍പ്പിക്കട്ടെ. നൊബേല്‍ സമ്മാനം താങ്കള്‍ക്ക് ലഭിക്കണം ഈ അംഗീകാരത്തിന് താങ്കള്‍ അര്‍ഹനാണ്.’-നെതന്യാഹു ട്രംപിനോട് പറഞ്ഞു.

കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സുരക്ഷയും സമാധാനവും ഉറപ്പ് വരുത്തുന്നതില്‍ ട്രംപിന്റെ ഇടപെടല്‍ പ്രശംസിക്കുകയും ചെയ്തു. ‘ലോകത്തെ മോചിപ്പിക്കുന്നതിന് വേണ്ടിയെടുക്കുന്ന തീരുമാനങ്ങള്‍ക്കും, നേതൃത്വത്തിനും പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടത്തുന്ന ഇടപെടലിനും ഇസ്രയേലികളുടെയും ജൂതന്മാരുടേയും ലോകത്ത് താങ്കളെ ആരാധിക്കുന്ന എല്ലാവരുടെയും അഭിനന്ദനവും ആദരവും അറിയിക്കുന്നു. പ്രതിസന്ധികളെ നേരിടാനും അവസരങ്ങള്‍ നേടിയെടുക്കാനും നമ്മള്‍ തമ്മിലുള്ള അസാധാരണമായ ഈ കൂട്ടുകെട്ടിന് സാധിക്കും.-നെതന്യാഹു പറഞ്ഞു.

ഇസ്രയേല്‍ പ്രധാനമന്ത്രിയില്‍ നിന്നും ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇത് വളരെ അര്‍ത്ഥവത്താണെന്നും ഇതിന് നെതന്യാഹുവിനോടുള്ള നന്ദി അറിയിക്കുന്നതായും-ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കുന്നതിൽ മധ്യസ്ഥത വഹിച്ചതിനാണ് പാകിസ്താൻ ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News