ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു

ചിന്നക്കനാൽ(ഇടുക്കി): കാട്ടാനകൾ കൊമ്പുകോർത്തതിനെത്തുടർന്ന്, പരിക്കേറ്റ മുറിവാലൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന ചരിഞ്ഞു. അതീവഗുരുതരാവസ്ഥയിലായ ആനയ്ക്ക് വനംവകുപ്പ് അധികൃതർ ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല. നട്ടെല്ലിനോട് ചേർന്നുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം.

ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ മേഖലകളിൽ നാശംവിതയ്ക്കുന്ന ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനുമാണ് കഴിഞ്ഞദിവസങ്ങളിൽ കൊമ്പുകോർത്തത്. ഇതേത്തുടർന്ന് ശനിയാഴ്ച പുലർച്ചയോടെ ചിന്നക്കനാൽ വിലക്കിന് സമീപത്തുള്ള അറുപതേക്കർ ചോലയിൽ ആന വീഴുകയായിരുന്നു. മുറിവാലന്റെ ദേഹത്ത് 15 കുത്തേറ്റിരുന്നു. പിൻഭാഗത്തും കാലിനുമേറ്റ പരിക്ക് അതീവഗുരുതരമായിരുന്നു.

21-നുണ്ടായ ഏറ്റുമുട്ടലിലാണ് മുറിവാലന്റെ ഇടത്തെ പിൻകാലിന് പരിക്കേറ്റത്. തുടർന്ന് ആന നടക്കാൻ ബുദ്ധിമുട്ടിയിരുന്നു. ഇതോടെ വനംവകുപ്പ് ആനയെ നിരീക്ഷിക്കാൻ തുടങ്ങി. ആനകൾതമ്മിൽ പിന്നീടും ഏറ്റുമുട്ടിയെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച പകൽ ചിന്നക്കനാൽ ഭാഗത്ത് മുറിവാലനെ നാട്ടുകാർ കണ്ടിരുന്നു. ഈസമയത്ത് ആന തീറ്റ തിന്നുന്നുണ്ടായിരുന്നു. പിന്നീട് അവശനിലയിലായ ആന ശനിയാഴ്ച പുലർച്ചയോടെയാണ് വീണത്. ആക്രമണത്തിനുശേഷം ചക്കക്കൊമ്പൻ ചിന്നക്കനാൽ മേഖലയിൽ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News