മയാമി: ക്യൂബയിലെ സോഷ്യലിസ്റ്റ് സർക്കാരിനുമേൽ സമ്മർദ്ദം ശക്തമാക്കിക്കൊണ്ട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നിർണായക നീക്കത്തിലേക്ക്. 1996-ൽ യു.എസിലെ മയാമി ആസ്ഥാനമായുള്ള പ്രവാസികളുടെ സിവിലിയൻ വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ ക്യൂബയുടെ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്‌ക്കെതിരെ (94) യു.എസ്. ഫെഡറൽ പ്രോസിക്യൂട്ടർമാർ ഔദ്യോഗികമായി കുറ്റംചുമത്തി.
കൊലപാതകം, വിമാനം തകർക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് റൗൾ കാസ്ട്രോയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. സഹോദരനും ക്യൂബൻ വിപ്ലവനായകനുമായ ഫിദൽ കാസ്ട്രോയുടെ മന്ത്രിസഭയിൽ പ്രതിരോധനമന്ത്രിയായിരുന്നു അന്ന് റൗൾ.
യു.എസിലെ മയാമിയിൽ വെച്ച്, വിമാനം വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിക്കാൻ സംഘടിപ്പിച്ച ചടങ്ങിലാണ് ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചും മറ്റ് ഉന്നത നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥരും പ്രഖ്യാപനം നടത്തിയത്.
ക്യൂബൻ വിപ്ലവസംഘടനയായ ബ്രദേഴ്സ് ടു ദ റെസ്ക്യൂ എന്ന സംഘത്തിന്റെ രണ്ട് ചെറിയ വിമാനങ്ങളാണ് അന്ന് ക്യൂബൻ സൈന്യം വെടിവെച്ചിട്ടത്. റൗൾ കാസ്ട്രോയെ യു.എസിൽ എത്തിച്ച് വിചാരണ നേരിടാൻ അധികൃതർ എത്രത്തോളം മുന്നോട്ട് പോകുമെന്ന ചോദ്യത്തിന്, അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്വമേധയായോ അല്ലാതെയോ അദ്ദേഹം ഇവിടെ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടോഡ് ബ്ലാഞ്ച് മറുപടി നൽകി. അമേരിക്കയ്ക്ക് പുറത്തുള്ള കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ യു.എസ്. പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റൗൾ കാസ്ട്രോയ്ക്ക് പുറമെ, വിമാനങ്ങൾ വെടിവെച്ചിട്ട ക്യൂബൻ സൈനിക പൈലറ്റുമാരിൽ ഒരാൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയും പുതിയ കുറ്റപത്രത്തിൽ കേസെടുത്തിട്ടുണ്ട്.
1996-ലെ സംഭവത്തിന്റെ പേരിൽ റൗളിനെതിരായ അന്വേഷണം പുനരാരംഭിക്കണമെന്ന് ഫ്ലോറിഡയിലെ ഒട്ടേറെ റിപ്പബ്ലിക്കൻ പാർട്ടിയംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് മയാമിയിലെ യു.എസ്. അറ്റോർണി, പ്രോസിക്യൂട്ടർമാരുടെ പ്രത്യേക പ്രവർത്തകസംഘത്തിനു രൂപം നൽകിയിരുന്നു. വിമാനംവെടിവെപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് ഇതുവരെ ഒരാളെമാത്രമേ യു.എസ്. കുറ്റക്കാരനായി വിധിച്ചിരുന്നുള്ളു.
യു.എസ്. ഏർപ്പെടുത്തിയിരിക്കുന്ന ഇന്ധന ഉപരോധം കാരണം വൈദ്യുതിമുടക്കം പതിവായ ക്യൂബ സാമ്പത്തികമായും കഷ്ടപ്പെടുകയാണ്. ക്യൂബയെ ഏറ്റെടുക്കാൻ ട്രംപ് ഇടയ്ക്കിടെ താത്പര്യം പ്രകടിപ്പിക്കാറുണ്ട്.
മഡുറോ മോഡൽ സൈനിക അട്ടിമറി ക്യൂബയിലും? പുതിയ നീക്കം ക്യൂബയ്‌ക്കെതിരെയുള്ള സൈനിക നടപടിക്ക് യു.എസ്. വഴിയൊരുക്കുകയാണോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയർത്തുന്നുണ്ട്. കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ സമാനമായ രീതിയിൽ കുറ്റംചുമത്തിയ ശേഷം, അദ്ദേഹത്തെ പിടികൂടി യു.എസിലെത്തിക്കാൻ അമേരിക്ക സൈനിക നീക്കം നടത്തിയിരുന്നു.
മഡുറോയുടെ കാര്യത്തിലേതുപോലെ ഒരു നിയമപാലന നടപടി എന്ന വ്യാജേന റൗൾ കാസ്ട്രോയെ പിടികൂടാനും ട്രംപ് ഭരണകൂടം സൈനിക അട്ടിമറിക്ക് മുതിരുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. കാസ്ട്രോയെ പിടികൂടാൻ സൈന്യത്തെ ഉപയോഗിക്കുമോ എന്ന കാര്യത്തിൽ യു.എസ്. അധികൃതർ വ്യക്തമായ മറുപടി നൽകിയിട്ടില്ലെങ്കിലും, ചർച്ചകളിൽ ക്യൂബ വഴങ്ങിയില്ലെങ്കിൽ യു.എസ്. ഇത്തരം കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പ് തന്നെ ഭരണത്തിൽ നിന്ന് വിരമിച്ച 94-കാരനായ റൗൾ കാസ്ട്രോയെ പിടികൂടുന്നത് വഴി വെനസ്വേലയിലുണ്ടായതുപോലെയൊരു രാഷ്ട്രീയ അട്ടിമറി ക്യൂബയിൽ സൃഷ്ടിക്കാൻ യു.എസിന് കഴിഞ്ഞേക്കില്ലെന്നും വിലയിരുത്തലുകളുണ്ട്.


