ആലപ്പുഴയില്‍ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു
ചേര്‍ത്തല: പള്ളിപ്പുറത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചേന്നം പള്ളിപ്പുറം കരുനാട്ടില്‍ മണിയന്‍ നായരുടെ മകന്‍ മഹേഷ് (30) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ ഗിരീഷിനെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. കാപ്പ കേസില്‍ പ്രതിയായിരുന്ന ഇയാള്‍ കഴിഞ്ഞദിവസമാണ് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. മഹേഷും ഗിരീഷും ഒരേ പുരയിടത്തില്‍ തന്നെയുള്ള രണ്ട് വീടുകളില്‍ ആണ് താമസിച്ചിരുന്നത്.
മഹേഷ് ഉപയോഗിച്ചിരുന്ന ഒമ്‌നി വാന്‍ ഗിരീഷ് വിറ്റതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടോടെ ഗിരീഷിന്റെ വീട്ടിലെത്തിയ മഹേഷും ഗിരീഷും തമ്മില്‍ സംഘര്‍ഷമുണ്ടായതായും ഗിരീഷിനു നേരെ മഹേഷ് കുരുമുളക് സ്‌പ്രേ ചെയ്തതായും സമീപവാസികള്‍ പറയുന്നു. സംഘര്‍ഷത്തിനിടെ മഹേഷിന്റെ വയറില്‍ കുത്തേല്‍ക്കുകയായിരുന്നു. ഗിരീഷും അച്ഛനും ചേര്‍ന്ന് മഹേഷിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു.