25 C
Kottayam
Wednesday, May 8, 2024

സഞ്ജുവിന് വീണ്ടും തോൽവി,രാജസ്ഥാനെതിരേ മുംബൈയ്ക്ക് അനായാസ വിജയം

Must read

ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിനെതിരേ മുംബൈ ഇന്ത്യൻസിന് അനായാസ വിജയം. രാജസ്ഥാൻ മുന്നോട്ടുവെച്ച 172 റൺസ് വിജയലക്ഷ്യം മുംബൈ ഒമ്പത് പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 50 പന്തിൽ 70 റൺസുമായി ക്വിന്റൺ ഡീകോക്കാണ് മുംബൈയിയെ മുന്നിൽ നിന്ന് നയിച്ചത്. ആറു ഫോറും രണ്ട് സിക്സും ഡീകോക്കിന്റെ ബാറ്റിൽ നിന്ന് പിറന്നു.

സ്കോർ ബോർഡിൽ 49 റൺസെത്തിയപ്പോൾ മുംബൈയ്ക്ക് രോഹിത് ശർമയെ നഷ്ടപ്പെട്ടു. 17 പന്തിൽ 14 റൺസെടുത്ത രോഹിതിനെ മോറിസ് പുറത്താക്കുകയായിരുന്നു. ശ്യാംകുമാർ യാദവിനും അധികം ആയുസുണ്ടായിരുന്നില്ല. 10 പന്തിൽ 16 റൺസായിരുന്നു ശ്യാംകുമാറിന്റെ സമ്പാദ്യം.

പിന്നീട് മൂന്നാം വിക്കറ്റിൽ ക്രുണാൽ പാണ്ഡ്യയും ക്വിന്റൺ ഡീകോക്കും ഒത്തുചേർന്നു. ഇരുവരും 46 പന്തിൽ 63 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 26 പന്തിൽ 39 റൺസെടുത്ത ക്രുണാലിനെ പുറത്താക്കി മുസ്തഫിസുർ റഹ്മാനാമണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് എട്ടു പന്തിൽ 16 റൺസുമായി കീറോൺ പൊള്ളാർഡ് ഡീകോക്കിനൊപ്പം മുംബൈയെ വിജയത്തിലേക്ക് നയിച്ചു. പൊള്ളാർഡ് രണ്ട് ഫോറും ഒരു സിക്സും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മത്സരത്തിന്റെ തുടക്കത്തിൽ മുംബൈ ബൗളർമാർ രാജസ്ഥാനെ പിടിച്ചുകെട്ടുന്നതാണ് കണ്ടത്. പിന്നീട് താളം കണ്ടെത്തിയ രാജസ്ഥാനായി ഓപ്പണിങ് വിക്കറ്റിൽ ജോസ് ബട്ലറും യശ്വസി ജയ്സ്വാളും 66 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 41 റൺസെടുത്ത ബട്ലറെ പുറത്താക്കി രാഹുൽ ചാഹർ ഈ കൂട്ടുകെട്ടു പൊളിച്ചു. ബട്ലർ 32 പന്തിൽ മൂന്നു വീതം ഫോറും സിക്സും സഹിതമാണ് 41 റൺസ് നേടിയത്.

20 പന്തിൽ 32 റൺസെടുത്ത യശ്വസിയേയും രാഹുൽ ചാഹർ പുറത്താക്കി. രണ്ടു വീതം ഫോറും സിക്സും യശ്വസിയുടെ ബാറ്റിൽ നിന്ന് പിറന്നു. പിന്നീട് സഞ്ജു സാംസൺ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. 27 പന്തിൽ അഞ്ചു ഫോറിന്റെ സഹായത്തോടെ സഞ്ജു 42 റൺസ് നേടി. സഞ്ജുവിന്റെ ഈ ഇന്നിങ്സാണ് രാജസ്ഥാന്റെ സ്കോറിങ്ങിന് വേഗത കൂട്ടിയത്. 31 പന്തിൽ 35 റൺസുമായി ശിവം ദ്യൂബ സഞ്ജുവിന് പിന്തുണ നൽകി.

അവസാന ഓവറുകളിൽ രാജസ്ഥാന് വേഗത്തിൽ റൺസ് കണ്ടെത്താനായില്ല. നാല് പന്തിൽ ഏഴു റൺസെടുത്ത ഡേവിഡ് മില്ലറും ഏഴു പന്തിൽ എട്ടു റൺസെടുത്ത റിയാൻ പരേഗുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. 19-ാം ഓവറിൽ നാല് റൺസും 20-ാം ഓവറിൽ 12 റൺസുമാണ് രാജസ്ഥാൻ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week