27.8 C
Kottayam
Thursday, May 30, 2024

ഠമാര്‍ പഠാര്‍…..!ലഖ്‌നൗവിനെ അടിച്ചവശരാക്കി ഹെഡും അഭിഷേകും;58 പന്തിൽ കളിതീർത്ത് ഹൈദരാബാദ്

Must read

ഹൈദരാബാദ്: 20 ഓവറില്‍ ഒരുവിധം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുന്നോട്ടുവെച്ച 166 റണ്‍സ് വിജയലക്ഷ്യം പുഷ്പംപോലെ അടിച്ചെടുത്ത് ഹൈദരാബാദ്. ആദ്യ ഓവര്‍ മുതല്‍ ലഖ്‌നൗ ബൗളര്‍മാരെ നിലംതൊടാതെ പറത്തിയ അഭിഷേക് ശര്‍മ – ട്രാവിസ് ഹെഡ് ഓപ്പണിങ് സഖ്യം വെറും 9.4 ഓവറില്‍ ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. 166 റണ്‍സ് ലക്ഷ്യംവെച്ചിറങ്ങിയവര്‍ക്ക് 10 വിക്കറ്റിന്റെ അനായാസ ജയം. ജയത്തോടെ 12 കളികളില്‍ നിന്ന് 14 പോയന്റോടെ മൂന്നാം സ്ഥാനത്തേക്ക് കയറിയ ഹൈദരാബാദ് പ്ലേ ഓഫ് ബര്‍ത്തിനടുത്താണ്.

എന്താണ് സംഭവിച്ചതെന്ന് ലഖ്‌നൗ ബൗളിങ് നിര തിരിച്ചറിയും മുമ്പ് ഹൈദരാബാദ് കളിതീര്‍ത്തു. വെറും 30 പന്തില്‍ നിന്ന് എട്ടു വീതം സിക്‌സും ഫോറുമടക്കം 89 റണ്‍സോടെ പുറത്താകാതെ നിന്ന ഹെഡാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 28 പന്തുകള്‍ നേരിട്ട അഭിഷേക് ആറ് സിക്‌സും എട്ട് ഫോറുമടക്കം 75 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ ആയുഷ് ബധോനി, നിക്കോളാസ് പുരന്‍, ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ ഇന്നിങ്‌സുകളാണ് ലഖ്‌നൗവിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദ് ബൗളര്‍മാരില്‍ തിളങ്ങിയത്. എന്നാല്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നടരാജനും നന്നായി തല്ലുവാങ്ങി.

ഒരു ഘട്ടത്തില്‍ 11.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലായിരുന്ന ലഖ്‌നൗവിനെ 165-ല്‍ എത്തിച്ചത് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച പുരന്‍ – ബധോനി സഖ്യമാണ്. 99 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 30 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന ബധോനിയാണ് ലഖ്‌നൗവിന്റ ടോപ് സ്‌കോറര്‍. 26 പന്തുകള്‍ നേരിട്ട പുരന്‍ ഒരു സിക്‌സും ആറ് ഫോറുമടക്കം 48 റണ്‍സോടെ പുറത്താകാതെ നിന്നു.

രാഹുല്‍ (29), ക്വിന്റണ്‍ ഡിക്കോക്ക് (2), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (3), ക്രുണാല്‍ പാണ്ഡ്യ (24) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week