കോഴിക്കോട്: താമരശേരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരെ താമരശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്.
കൈതപ്പൊയിലില്‍ ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റേതാണ് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം.നിര്‍മ്മാണ സമയത്ത് പതിനഞ്ചില്‍പ്പരം തൊഴിലാളികള്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നു എന്നാണ് വിവരം. ജെസിബിയും മറ്റും ഉപയോഗിച്ച് കെട്ടിടാവിശിഷ്ടങ്ങള്‍ മാറ്റിയാണ് തൊഴിലാളികളെ പുറത്തെടുത്തത്.
കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലായി ജോലിക്ക് ഉണ്ടായിരുന്നത്.