ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചേക്കും. മുല്ലപ്പള്ളി ജനവിധി തേടാന്‍ ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചു. കോഴിക്കോട്ട് നിന്നോ വയനാട്ടില്‍ നിന്നോ മത്സരിച്ചേക്കും. കല്‍പ്പറ്റ സുരക്ഷിത മണ്ഡലമാണെന്നും വിലയിരുത്തലുണ്ട്.
ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരോടൊപ്പം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയേറി. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളത്തില്‍ ഉമ്മന്‍ ചാണ്ടി അധ്യക്ഷനായി കോണ്‍ഗ്രസിനു പുതിയ പത്തംഗ മേല്‍നോട്ട സമിതിയെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരെന്നു തെരഞ്ഞെടുപ്പിനുശേഷമേ തീരുമാനിക്കൂ.
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം കേരളത്തിലെത്തി എല്ലാ ജില്ലകളിലും നേരിട്ടു പ്രചാരണത്തിനു നേതൃത്വം കൊടുക്കാമെന്നു പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന അംഗവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണി സമ്മതിച്ചു. എന്നാല്‍, കേരള രാഷ്ട്രീയത്തിലേക്കു മടങ്ങില്ലെന്ന് ആന്റണി വ്യക്തമാക്കി.