വിവാഹ സമ്മാനം ഗൂഗിള്‍ പേ മതി! ക്ഷണക്കത്തില്‍ ക്യൂആര്‍ കോഡ് ചേര്‍ത്ത് ദമ്പതികള്‍; വൈറലാ കല്യാണക്കുറി
മധുര: ഈ കൊവിഡ് കാലത്ത് വിവാഹങ്ങള്‍ പലതും ലളിതമായാണ് നടത്തുന്നത്. കൊവിഡ് കാലത്ത് കാത്തിരുന്ന വിവാഹങ്ങളെല്ലാം കുറച്ചുപേരിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി. നിരവധി പേര്‍ക്ക് പ്രിയപ്പെട്ടവരുടെ വിവാഹത്തില്‍ പങ്കെടുക്കാനായില്ല. ഈ അവസരത്തിലാണ് വിവാഹസമ്മാനം ഡിജിറ്റലാക്കാന്‍ മധുരയിലുള്ള ദമ്പതികള്‍ തീരുമാനിച്ചത്.
മധുരയിലെ ശരവണനും ശിവശങ്കരിയുമാണ് വിവാഹസമ്മാനം ഡിജിറ്റലാക്കാന്‍ തീരുമാനിച്ചത്. അതിനായി വിവാഹക്ഷണപത്രത്തില്‍ ക്യുആര്‍ കോഡ് ചേര്‍ത്തിരിക്കുകയാണ് ഇരുവരും. ഈ വിവാഹക്ഷണകത്ത് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്.
വിവാഹത്തിന് ക്ഷണിച്ച അതിഥികള്‍ വിവാഹ സമ്മാനവും പൊതിഞ്ഞ് കയ്യില്‍ പിടിച്ച് ചടങ്ങിന് വന്നു ബുദ്ധിമുട്ടേണ്ട, പകരം സമ്മാനം പണമായി നല്‍കിയാല്‍ മതി. അതും നേരിട്ട് തരേണ്ടതില്ല, ഡിജിറ്റല്‍ പേമെന്റ് തന്നെ മതി. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയുടെ ക്യൂ ആര്‍ കോഡാണ് വിവാഹകത്തില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. വിവാഹത്തിന് വരുന്നവര്‍ പണത്തിനായി കവര്‍ അന്വേഷിച്ച് നടക്കേണ്ട, കൊവിഡ് കാലത്ത് സാമൂഹിക അകലവും ഉറപ്പു വരുത്താം.
വിവാഹത്തിന് ക്ഷണിച്ചവരില്‍ മുപ്പതോളം പേര്‍ പുതിയ സൗകര്യം ഉപയോഗപ്പെടുത്തിയെന്നാണ് വധുവിന്റെ അമ്മ ജയന്തി പറയുന്നത്. ആദ്യമായാണ് തങ്ങളുടെ കുടുംബത്തില്‍ ഇങ്ങനെയൊരു ആശയം അവതരിപ്പിക്കുന്നതെന്നും ജയന്തി പറയുന്നു. ഞായറാഴ്ച്ചയായിരുന്നു വിവാഹം. ക്ഷണക്കത്ത് വൈറലായതിന് പിന്നാലെ ഇതിനകം നിരവധി ഫോണ്‍ കോളുകളും അന്വേഷണങ്ങളും ഉണ്ടായതായി ജയന്തി പറയുന്നു.
നേരത്തെ, വിവാഹത്തില്‍ പങ്കെടുത്ത ബന്ധുക്കള്‍ക്ക് വ്യത്യസ്ത രീതിയില്‍ വിരുന്നു നല്‍കിയതും വാര്‍ത്തയായിരുന്നു. അടുത്ത ബന്ധുക്കളില്‍ പലരും ഓണ്‍ലൈനായിട്ടാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തില്‍ നേരിട്ട് എത്താന്‍ പറ്റാതിരുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കിയ വിരുന്നായിരുന്നു വ്യത്യസ്തമായത്.
വ്യത്യസ്ത നിറങ്ങളിലുള്ള നാല് ബാഗുകള്‍ ബന്ധുക്കളുടെ വീടുകളില്‍ എത്തിച്ചു. വാഴയിലയും നാല് ബാഗുകളില്‍ ഭക്ഷണ സാധനങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. വാഴയിലയില്‍ ഓരോ ഇനവും എവിടെ വയ്ക്കണം എന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളോടൊപ്പം മൊത്തം 12 വിഭവങ്ങള്‍ അവരുടെ ഉള്ളില്‍ നിറച്ചിരുന്നു.