കണ്ണൂരില്‍ മത്സരിക്കാം; ജയിച്ചാല്‍ അധ്യക്ഷസ്ഥാനം ഒഴിയാമെന്ന് മുല്ലപ്പള്ളി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങാമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സമ്മതിച്ചു. മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം കണക്കിലെടുത്താണ് മനംമാറ്റം.

കണ്ണൂരില്‍ മത്സരിക്കാമെന്നാണ് മുല്ലപ്പള്ളി ദേശീയ നേതൃത്വത്തെ അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചൊവ്വാഴ്ചയുണ്ടാകുമെന്നാണ് വിവരം.

നേരത്തെ താന്‍ മത്സര രംഗത്തുണ്ടാകില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. മുന്നണിയെ അധികാരത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മത്സര രംഗത്തുവരുന്നതിനോട് താത്പര്യമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. മുല്ലപ്പള്ളിയെ ഒഴിവാക്കിയുള്ള പട്ടികയാണ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറിയത്.

മുല്ലപ്പള്ളി ജയിച്ചാല്‍ കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസില്‍ ധാരണയായിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ വികാരമുണ്ട്. നവമാധ്യമങ്ങളില്‍ അടക്കം ഈ ആവശ്യം ശക്തമാണ്. ഇതും കൂടി പരിഗണിച്ചാവും തീരുമാനമുണ്ടാകുക.

അതേസമയം പി.സി. വിഷ്ണുനാഥിനെതിരെ കൊല്ലത്ത് വ്യാപകമായി പോസ്റ്റര്‍ പ്രചാരണം. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നും കൊല്ലത്തിന് ബിന്ദു കൃഷ്ണ തന്നെ മതിയെന്നുമാണ് പോസ്റ്ററിലെ ആവശ്യം.

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിവേര് മാന്തിയയാളാണ് വിഷ്ണുനാഥെന്നും പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന്റെയും പരിസര പ്രദേശങ്ങളിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News