33.4 C
Kottayam
Sunday, May 5, 2024

മുകേഷേട്ടാ… എന്തൊരു കഴിവാണിത്, ഗംഭീരമായിരിക്കുന്നു; ഉര്‍വശിയെ പറ്റിച്ച കഥ പറഞ്ഞ് മുകേഷ്

Must read

കൊച്ചി: അഭിനയിക്കാന്‍ മാത്രമല്ല, നന്നായി കഥ പറയുന്നതിലും പരിപാടികള്‍ അവതരിപ്പിക്കുന്നതിലും തന്നിലെ പ്രതിഭ തെളിയിച്ചിട്ടുള്ള നടനാണ് മുകേഷ്. മുകേഷ് കഥകള്‍ എന്ന തന്റെ പുസ്തകം അടുത്തിടെയാണ് പുറത്തിറക്കിയത്. ഇതിനു പുറമേ മൂന്ന് മാസം മുന്നേയാണ് സ്വന്തം യൂട്യൂബ് ചാനലും താരം തുടങ്ങിയത്. ഇപ്പോഴിതാ ഉര്‍വശിയോടൊപ്പം ഒരു സിനിമ സെറ്റില്‍ നടന്ന രസകരമായ അനുഭവം പങ്കുവെക്കുകയാണ് മുകേഷ് സ്പിക്കീംഗ് എന്ന യൂ ട്യൂബ് ചാനലിലൂടെ താരം.

നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഉര്‍വശിയെ പറ്റിച്ച കഥയാണ് മുകേഷ് പങ്കുവെക്കുന്നത്. ഞാനും ജയറാമും ഉര്‍വശിയും രഞ്ജിനിയുമാണ് അഭിനയിക്കുന്നത്. കുട്ടനാട്ടിലാണ് ഷൂട്ടിങ്. വിജി തമ്പിയാണ് ഡയറക്ടര്‍. ഷൂട്ടിങിനായി രാവിലെ ചെന്നപ്പോള്‍ ജയറാമിന്റേയും ഉര്‍വശിയുടേയും ഭാഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. എന്റെ ഷോര്‍ട്ടെടുക്കാന്‍ കുറച്ച് കൂടി നേരം പിടിക്കും. അടുത്തുള്ള വീടിന്റെ ഒരു വശത്ത് ഏറുമാടം പോലെയൊരു സ്ഥലമുണ്ട്. അപ്പുറത്തായി ഷോര്‍ട്ടിന് റെഡിയായി മേക്ക് അപ്പ് ഒക്കെയിട്ട് ഉര്‍വശിയുമിരിപ്പുണ്ട്.

ഉര്‍വശി എന്നെ ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടു. ഒരു തമാശയൊപ്പിക്കാമെന്ന് വിചാരിച്ച് താന്‍ അവിടിരുന്ന ഒരു പേപ്പറില്‍ എന്തൊക്കയോ ഗൗരവമായി എഴുതുന്നതായി കാണിച്ചെന്നും അത് കണ്ട് ഉര്‍വശി ഞാനെന്താണ് എഴുതുന്നത് എന്ന ആകാംക്ഷയോടെ അവിടേക്ക് വന്നെന്നും മുകേഷ് പറയുന്നു.

‘മുകേഷേട്ടന്‍ എന്താ എഴുതുന്നത്, ഇനി വല്ല ലവ് ലെറ്ററുമാണോ, അങ്ങനെയാണേല്‍ ഇങ്ങേരെ വെറുതേ വിടാന്‍ പറ്റില്ലല്ലോ, എന്നൊക്കെ ഉര്‍വശി ചിന്തിക്കുന്നത് എനിക്ക് ഇവിടിരുന്നു ഊഹിക്കാന്‍ പറ്റും. ഊര്‍വശി എഴുന്നേറ്റ് ഒരു വശത്തുകൂടി പതുങ്ങി പതുങ്ങി വന്ന് എന്റെ പുറകില്‍ വന്നു എഴുതുന്നത് നോക്കി,’ മുകേഷ് പറയുന്നു.

ഞാനെഴുതിയത് ‘തിരുനെല്ലിക്കാട് പൂത്തു തിന തിന്നാന്‍ കിളിയിറങ്ങി കിളിയാട്ടും പെണ്ണേ കണ്ണേ തിരുകാവില്‍ പോകാം കരിവളയും ചാന്തും വാങ്ങി തിരിയെ ഞാന്‍ കുടിലിലാക്കാം’ എന്നായിരുന്നു. യഥാര്‍ത്ഥത്തില്‍ ജോഷി സംവിധാനം ചെയ്യുന്ന ദിനരാത്രങ്ങള്‍ എന്ന സിനിമയിലും ഞാന്‍ അപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ പാര്‍വതിയുമൊത്തുള്ള പാട്ടില്‍ ഞാന്‍ പാടുന്ന വരികളാണ് ഇത്. എന്നാല്‍ ഇത് ഉര്‍വശിയ്ക്കറിയില്ലായിരുന്നെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

‘ഉര്‍വശി ആ പേപ്പര്‍ വലിച്ചെടുത്തു. അതെടുക്കരുതെന്ന് ഞാന്‍ പറഞ്ഞു. എന്താണ് മുകേഷേട്ടന്‍ എഴുതുന്നത് എന്ന് ഉര്‍വശി ചോദിച്ചു. ഞാന്‍ വെറുതെ ഇരിക്കുമ്പോള്‍ ചില വരികളൊക്കെ ഇങ്ങനെ കുത്തിക്കുറിക്കും, എന്നിട്ട് അതെടുത്ത് കളയുമെന്ന് പറഞ്ഞു,’ മുകേഷ് പറഞ്ഞു. അതോടെ താനത് വായിച്ച് നോക്കട്ടെയെന്ന് പറഞ്ഞ് ഉര്‍വശി അതെടുത്തെന്നും മുകേഷേട്ടാ ഇത് ഗംഭീരമായിരിക്കുന്നെന്ന് പറഞ്ഞെന്നും ചിരിയോട് മുകേഷ് പറയുന്നു.

‘മുകേഷേട്ടാ ഇത് ഗംഭീരമായിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. മുകേഷേട്ടന് എഴുതാനുള്ള കഴിവുണ്ട്. അത് കളയരുത്. നമുക്ക് പല കഴിവുകളുണ്ട്. ചിലര്‍ക്ക് സ്പോര്‍ട്‌സ്, ചിലര്‍ക്ക് കഥ, ചിലര്‍ക്ക് കവിത. ഏത് കഴിവും പരിപോഷിപ്പിക്കണം. ഇത് മനോഹരമായിട്ടുണ്ട,’ ഉര്‍വശി പറഞ്ഞു. ഉര്‍വശി തന്റെ തന്ത്രത്തില്‍പ്പെട്ടുവെന്ന് മനസിലായതോടെ താന്‍ ഇതിന് ട്യൂണിടാറുമുണ്ടെന്നും മുകേഷ് പറയുകയായിരുന്നു. ഇതോടെ ഉര്‍വശിയെ പാട്ട് പാടികേള്‍പ്പിച്ചെന്നും മുകേഷ് വീഡിയോയില്‍ പറയുന്നു.

‘എന്റെ ദൈവമേ ഇത് എന്തൊരു കഴിവാണ്. മുകേഷേട്ടന്‍ ഇത് കളയരുത്. അടുത്ത സിനിമയിലെ എന്റെ ഡയറക്ടറുടെ അടുത്ത് പറയാന്‍ പോവുകയാണ്. പാട്ടെഴുതുന്നതും മുകേഷേട്ടന്‍ സംഗീതം നല്‍കുന്നതും മുകേഷേട്ടന്‍,’ അതൊന്നും വേണ്ട മനുഷ്യനെ നാണം കെടുത്തരുത് എന്ന ഞാന്‍ പറഞ്ഞു. ഒന്നും പറയണ്ട, നമ്മള്‍ ടാലന്റിനെ അംഗീകരിക്കണം. ഞാനെന്തായാലും തീരുമാനിച്ചു കഴിഞ്ഞു എന്ന പറഞ്ഞ് ഊര്‍വശി ഷോര്‍ട്ടെടുക്കാന്‍ നടന്നുപോയിസ’ മുകേഷ് പറയുന്നു.

പിന്നെ എപ്പോഴേലും ഈ കുസൃതി തിരുത്താമെന്ന് താന്‍ വിചാരിച്ചുവെന്നും പക്ഷേ അതിനു ശേഷം ഉര്‍വശിയെ കാണാന്‍ പറ്റിയില്ലെന്നും മുകേഷ് പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ദിനരാത്രങ്ങള്‍ റിലീസ് ചെയ്തു. ആലപ്പുഴയിലെ തിയറ്ററിലും റിലീസ് ഉണ്ട്. ഇവരെല്ലാം കൂടെ പ്ലാന്‍ ചെയ്ത് സെക്കന്‍ഡ് ഷോയ്ക്ക് തന്നെ പോയി.
ഞാനാണെങ്കില്‍ ഉര്‍വശിയോട് പറഞ്ഞതെല്ലാം മറന്നുപോയിരുന്നു. സിനിമ കണ്ടതിന്റെ പിറ്റേന്ന് ഊര്‍വശി വന്നു. തിരുനെല്ലി കാടു പൂത്തൂ അയ്യട സംഗീത സംവിധായകന്‍, പാട്ട്, എന്തൊരു ആക്ടിങ്ങ് ആരുന്നു. ഇനി ഞാന്‍ ലൈഫില്‍ വിശ്വസിക്കില്ല എന്നും പറഞ്ഞ് ഊര്‍വശി നടന്നു നീങ്ങി, ഞാന്‍ പൊട്ടിച്ചിരിച്ചു,’ മുകേഷ് പറയുന്നു.

വിഡിയോയ്ക്ക് താഴെ മുകേഷിന്റെ അവതരണത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. താരം കഥ പറയുമ്പോള്‍ സീന്‍ ബൈ സീനായി കാണുന്നത് പോലെ തോന്നുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മൂന്നു മാസം കൊണ്ടുതന്നെ 50,000 ത്തിലധികം സബ്‌സ്‌ക്രൈബേഴ്സിനെ നേടിയ മുകേഷ് ഏഷ്യനെറ്റും സൂര്യാ ടി.വിയുമടക്കമുള്ള ചാനലുകളിലെ പ്രോഗ്രാമുകളിലും അവതാരകനായെത്തിയിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week