കൊച്ചി:മലയാള സിനിമയിൽ വർഷങ്ങളായി സജീവമായി തുടരുന്ന നടനാണ് മുകേഷ്. നായക വേഷം, സഹനായക വേഷം, കോമഡി, വില്ലൻ വേഷം തുടങ്ങിയവ എല്ലാം മുകേഷ് തന്റെ കരിയറിൽ ചെയ്തിട്ടുണ്ട്. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ ചെയ്ത നടന്റെ കരിയർ പലപ്പോഴും മറ്റ് നടൻമാരിൽ നിന്ന് വ്യത്യസ്തമാണ്.
സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത ഗോഡ്ഫാദറിൽ നായക വേഷമാണ് മുകേഷ് ചെയ്തത്. ഇവരുടെ തന്നെ റാംജി റാവു സ്പീക്കിംഗിലും. രണ്ട് സിനിമകളും വമ്പൻ ഹിറ്റ് ആയിരുന്നു. ഇതിന് ശേഷം നടൻ നായക നിരയിൽ തന്നെ തുടർന്നില്ല.
സിദ്ദിഖിന്റെ തന്നെ ഹിറ്റ്ലറിൽ മമ്മൂട്ടി ആയിരുന്നു നായകൻ. ഈ സിനിമയിൽ താരതമ്യേന ചെറിയ വേഷത്തിൽ മുകേഷ് എത്തി. കരിയറിൽ നിരവധി തവണ മുകേഷിന് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിനാൽ തന്നെ നായക നടൻ എന്ന ലേബൽ മുകേഷിന് പലപ്പോഴും വന്നിട്ടില്ല.
സൂപ്പർ ഹിറ്റുകളുടെ ഒരു നിര തന്നെ മുകേഷിന് സ്വന്തമായി അവകാശപ്പെടാനുണ്ട്. ഒപ്പം അഭിനയിച്ച പല താരങ്ങളും പിന്നീട് സൂപ്പർ സ്റ്റാറുകൾ ആവുകയും ചെയ്തു. എന്നാൽ മുകേഷിന്റെ കരിയർ ഗ്രാഫ് നായകൻ, സഹ നടൻ വേഷങ്ങളിലൂടെ ഉയർന്നും താഴ്ന്നും പോയിക്കൊണ്ടിരുന്നു.
മുമ്പൊരിക്കൽ മുകേഷ് തന്നെ ഇക്കാര്യം സംസാരിച്ചിരുന്നു. മനോരമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെ ആണ് മുകേഷ് ഇതേപറ്റി സംസാരിച്ചത്.
‘ഒരുപാട് പേർ എന്നോട് ചോദിക്കും. എന്താണ് സൂപ്പർ സ്റ്റാർ ആവാതിരുന്നത് എന്ന്. ഞാൻ കുറേയൊക്കെ ആലോചിച്ചു. എന്താണ് അങ്ങനെയെന്ന്. ഒപുപക്ഷെ റോളുകൾ അങ്ങോട്ട് ചോദിച്ചിട്ടില്ലായിരിക്കും. പക്ഷെ കിട്ടുന്ന റോളിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ആളാണ്. പിന്നീട് എനിക്കത് മനസ്സിലായി. സിദ്ദിഖ്-ലാലിനോടുള്ള ദേഷ്യമാണ് ബാക്കിയുള്ള സംവിധായകരും പ്രാെഡ്യൂസർമാരും എന്റെ പുറത്ത് കൊണ്ടു വെച്ചത്. കാര്യം ഇവരുടെ പടം ഇറങ്ങുമ്പോൾ ബാക്കിയെല്ലാം പൊളിയുന്നു’
‘നാണക്കേട് ആയാലും ശരി വ്യവസായമുള്ളത് കൊണ്ട് ഇവരുടെ റിലീസ് അനുസരിച്ച് സിനിമകൾ മാറ്റിവെക്കുന്നു. എന്നെക്കാണുമ്പോൾ പലരും പറയുമായിരുന്നു, ഇപ്പോൾ നിങ്ങളെ മതിയെന്ന്. ആ കാലഘട്ടത്തിൽ പ്രധാന പടങ്ങൾ എടുക്കുന്നവർ ഒന്നും തന്നെ നമ്മളെ ഹീറോ ആയിട്ടോ പ്രധാനപ്പെട്ട വേഷം തരാനോ തയ്യാറായില്ല,’ മുകേഷ് പറഞ്ഞതിങ്ങനെ. സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും കൈവെച്ച മുകേഷ് ഇന്ന് കൊല്ലം എംഎൽഎ ആണ്.
സിനിമാ ലോകത്ത് വളരെ അടുത്ത സൗഹൃദങ്ങൾ ഉള്ള വ്യക്തിയാണ് മുകേഷ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ ഒപ്പം നിരവധി സിനിമകളിൽ അഭിനയിച്ച മുകേഷിന് ഇവരുമായെല്ലാം സൗഹൃദമുണ്ട്. സിനിമാ ലോകത്തെ പഴ. കഥകളിൽ പലതും മുകേഷിലൂടെയാണ് പ്രേക്ഷകർ അറിയാറ്. സിനിമകൾക്ക് പുറമെ ടെലിവിഷനിൽ വിവിധ ഷോകളിലും മുകേഷ് എത്തിയിട്ടുണ്ട്.
ബഡായി ബംഗ്ലാവ് എന്ന ഷോയിലാണ് മുകേഷിന്റെ സിനിമാ കഥ പറച്ചിലിനെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത്. ഇപ്പോൾ മുകേഷ് സ്പീക്കിംഗ് എന്ന തന്റെ യൂട്യൂബ് ചാനലിലും ഇദ്ദേഹം സിനിമാ കഥകൾ പറയുന്നു. ഓരോ എപ്പിസോഡിലും പഴയ കാല താരങ്ങളെക്കുറിച്ചും പഴയ ഷൂട്ടിംഗ് അനുഭവങ്ങളുമെല്ലാം മുകേഷ് പങ്കുവെക്കുന്നു.