31.7 C
Kottayam
Thursday, April 25, 2024

27 നിലക്കെട്ടിടം,3 ഹെലിപ്പാഡ്, സ്വന്തം ക്ഷേത്രം, ആറു നില കാർ പാർക്കിംഗ്, അംബാനിയുടെ വീട് വീണ്ടും ചർച്ചയാവുമ്പോൾ

Must read

മുംബൈ:ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്റെ വീട് കാണാന്‍ ആരാണ് കൊതിക്കാത്തത്? മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന് വാര്‍ത്തകള്‍ വന്നതോടെ വീണ്ടും ചര്‍ച്ചയിലിടം പിടിക്കുകയാണ് ആന്റിലിയയും.

മുംബയിലെ ഇവരുടെ ആഡംബര വസതിയായ ആന്റിലിയയില്‍ കൗതുകം തുടിക്കുന്ന ഒരുപാട് കാഴ്‌ചകളുണ്ട്. എന്തൊക്കെയാകും അതിനകത്തെ സൗകര്യങ്ങള്‍? എത്ര മുറികളുണ്ടായിരിക്കും. തുടങ്ങിയ വിശേഷങ്ങള്‍ വായിച്ചറിയാം.

2010ല്‍ 100 കോടി രൂപയ്‌ക്കാണ് മുകേഷും നിതയും തങ്ങളുടെ സ്വപ്‌നസൗധമായ ആന്റിലിയ പണി കഴിപ്പിച്ചത്. അന്ന് മുതല്‍ ഇന്നോളം ഇതിനെ വെല്ലുന്ന മറ്റൊരു വസതിയും ഇന്ത്യയില്‍ നിര്‍മ്മിച്ചിട്ടില്ല. ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാല്‍ ഏറ്റവും വലിയ സ്വകാര്യ വസതി എന്ന റെക്കോ‌ഡ് ആന്റിലിയയ്‌ക്ക് സ്വന്തമാണ്. നാല് ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മണിമാളികയ്‌ക്ക് നിരവധി പ്രത്യേകതകളുണ്ട്.

റിക്‌ടര്‍ സ്‌കെയിലില്‍ 8 കവിയുന്ന ഭൂകമ്ബത്തെ പോലും ചെറുക്കാന്‍ കഴിയുന്ന തരത്തിലാണ് ആന്റിലിയയുടെ നിര്‍മ്മാണം. 27 നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് മൂന്ന് ഹെലിപ്പാഡുകളാണുള്ളത്. കാര്‍ പാര്‍ക്കിംഗിന് മാത്രമായി ആറ് നിലകള്‍. ഒരേ സമയം ഏതാണ്ട് 200 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയും. അംബാനിയുടെ കാറുകളുടെ വലിയൊരു ശേഖരം തന്നെയാണ് ഇവിടെയുള്ളത്. മുകളിലത്തെ ആറ് നിലകളിലായാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. സൂര്യപ്രകാശം നന്നായി ലഭിക്കുന്നയിടം നോക്കിയാണ് അത്തരമൊരു തീരുമാനം അംബാനി കുടുംബം കൈക്കൊണ്ടത്. നിതയുടെ ആഗ്രഹ പ്രകാരം ആന്റിലിയ്‌ക്കകത്ത് ഒരു ക്ഷേത്രവും പണിയിച്ചിട്ടുണ്ട്. ഒരേസമയം 50 പേര്‍ക്ക് ഇരുന്ന് പ്രാര്‍ത്ഥിക്കാവുന്നയിടം. വിശേഷദിനങ്ങളിലെല്ലാം കാര്യമായ പൂജയും ഇവിടെയുണ്ട്.

ബ്യൂട്ടിപാര്‍ലര്‍, ജിം, കോഫി പാര്‍ക്കുകള്‍, മുന്തിയ റെസ്റ്റോറന്റുകള്‍, സ്വിമ്മിംഗ് പൂളുകള്‍, യോഗ സെന്റര്‍, നൃത്തം ചെയ്യാനായി പ്രത്യേകം നില തുടങ്ങിയ സുഖലോലുപതയുടെ വലിയൊരു ലോകം തന്നെയാണ് ആന്റിലിയയിലുള്ളത്. അതില്‍ പോലും അതിഥികള്‍ക്ക് പ്രത്യേക പാര്‍ക്കും പൂളുമാണ്. വൈകുന്നേരങ്ങളിലെ ആഘോഷരാവുകള്‍ക്കായി പ്രത്യേകമൊരു നില തന്നെയുണ്ട്. തീയേറ്ററുകളും ഗാര്‍ഡനുകളും ലൈബ്രറിയും ഒക്കെയായി ഒരു വലിയ ലോകം തന്നെയാണ് ആന്റിലിയയില്‍ പണികഴിപ്പിച്ചിരിക്കുന്നത്.

വീടിന്റെ പശ്ചാത്തലത്തിലും വിശേഷങ്ങള്‍ ഒരുപാടുണ്ട്. പല കാലങ്ങളെയും സമന്വയിപ്പിച്ചാണ് വീടൊരുക്കിയിരിക്കുന്നത്. രാജകീയതും പൗരണാകിതയും ഒരുപോലെ സമ്മേളിക്കുന്നുണ്ട്. 27 നിലകളേ ഉള്ളെങ്കിലും 173 മീറ്ററാണ് ആന്റിലിയയുടെ ഉയരം. ഏതാണ്ട് 60 നിലകളുടെ വലിപ്പം വരും. വളരെ ഉയരമുള്ള സീലിംഗുകളാണ് ഓരോ നിലകള്‍ക്കും നല്‍കിയിരിക്കുന്നത്. നിര്‍മ്മാണ രീതിയിലെ ഈ വ്യത്യസ്‌തത കൊണ്ടാണ് നിലകളുടെ എണ്ണത്തില്‍ കുറവ് വന്നത്. അടിമുടി സിസി ടി വി ക്യാമറാ നിരീക്ഷണവും പുറത്തു നിന്നുള്ള ആക്രമണങ്ങളെ തടയാന്‍ കഴിയുന്ന തരത്തിലുള്ള സുരക്ഷാസംവിധാനങ്ങളും ആന്റിലിയയുടെ കരുത്ത് കാട്ടുന്നു. ഏതാണ്ട് 600 ജീവനക്കാരാണ് ദിവസവും ഈ മണിമാളികയെ പരിപാലിക്കുന്നത്. സുരാക്ഷാജീവനക്കാര്‍ വേറെയും. വെര്‍ട്ടിക്കല്‍ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ആന്റിലിയയുടെ അകത്ത് സൂര്യനും താമരയുമാണ് പശ്ചാത്തലമായിരിക്കുന്നത്. ആന്റിലിയ എന്ന പേരിലും ഒരു കൗതുകമുണ്ട്, അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിന്റെ പേരാണ് തങ്ങളുടെ വസതിക്ക് മുകേഷും നിതയും നല്‍കിയിരിക്കുന്നത്.


ലണ്ടനില്‍ അംബാനി സ്വന്തമാക്കിയ ‘സ്റ്റോക്ക് പാര്‍ക്കും” മറ്റൊരു ആന്റിലിയയാണ്. ലണ്ടനിലെ ബക്കിംഗ്ഹാംഷെയറില്‍ 300 ഏക്കറിലുള്ള സ്റ്റോക്ക് പാര്‍ക്ക് ഈ വര്‍ഷം ആദ്യമാണ് വാങ്ങിയത്. പച്ചപ്പിന്റെ പശ്ചാത്തലത്തില്‍ വെള്ള നിറത്തില്‍ പൊതിഞ്ഞ ഇതും ഒരു ആഡംബര മണിമാളികയാണോ എന്ന കാര്യത്തില്‍ സംശയം വേണ്ട. 592 കോടി രൂപയ്‌ക്ക് സ്വന്തമാക്കിയ അവിടെയും 49 മുറികളും ക്ഷേത്രവും സ്വിമ്മിംഗ് പൂളും ആശുപത്രിയുമൊക്കെയായി വലിയൊരു ലോകം തന്നെയാണ് അംബാനി കുടുംബം തീര്‍ത്തിരിക്കുന്നത്. അതേസമയം, ഉടനേ ഇവിടേക്ക് സ്ഥിര താമസത്തിനില്ലെന്നും ഒരു പ്രധാന ഗോള്‍ഫിംഗ്, കായിക റിസോര്‍ട്ട് എന്ന നിലയില്‍ ഇത് മാറ്റാന്‍ ലക്ഷ്യമിടുന്നുവെന്നുമാണ് അംബാനി കുടുംബത്തിന്റെ പ്രസ്‌താവനയില്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഈ വസതിയില്‍ ഒരു ജയിംസ് ബോണ്ട് സിനിമ ഷൂട്ട് ചെയ്തിരുന്നതായും ലണ്ടനിലെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് പച്ചപ്പിന്റെ ഭംഗിയില്‍ ജീവിക്കാനുള്ള ആഗ്രഹമാകാം അംബാനി കുടുംബത്തെ സ്റ്റോക്ക്പാര്‍ക്കിലേക്കെത്തിച്ചതെന്ന് വേണം കരുതാന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week