പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ 22കാരന്‍ കാമുകന്‍ അറസ്റ്റില്‍; പരാതി ഉന്നയിക്കാതെ പെണ്‍കുട്ടി, വിവാഹം ചെയ്യാന്‍ തയാറാണെന്ന് പ്രതി

പമ്പ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ കാമുകന്‍ അറസ്റ്റില്‍. പത്താം ക്ലാസില്‍ പഠിക്കുന്ന പതിനാറു വയസുകാരിയെ പീഡിപ്പിച്ചതിന് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണനെ(22)യാണ് അറസ്റ്റ് ചെയ്തത്. സെപ്റ്റബര്‍ 14 ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി അടുത്തുള്ള നിലയ്ക്കല്‍ ക്ഷേത്രത്തിലേക്ക് ജയകൃഷ്ണന്‍ കൂട്ടിക്കൊണ്ടുപോയിരുന്നു.

രണ്ടു ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ ഒരുമിച്ച് താമസിച്ച ശേഷമായിരുന്നു വിവാഹത്തിനൊരുങ്ങിയത്. പരിസരവാസികള്‍ തടഞ്ഞുനിര്‍ത്തി വിവരം പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയെ കോഴഞ്ചേരിയിലെ മഹിളാ മന്ദിരത്തില്‍ എത്തിച്ചു. യുവാവിനെ പറഞ്ഞുവിടുകയും ചെയ്തു. വൈദ്യപരിശോധന നടത്താതെയായിരുന്നു ഈ നടപടി.

പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കിയെങ്കിലും പീഡനത്തിനിരയായ വിവരം പുറത്തു പറഞ്ഞിരുന്നില്ല. ഇതിനിടെ തനിക്ക് തുടര്‍ന്ന് പഠിക്കണമെന്ന മോഹം പെണ്‍കുട്ടി ട്രൈബല്‍ വിഭാഗത്തെ അറിയിച്ചു. നാലുദിവസം മുന്‍പ് ചിറ്റാറിലെ ട്രൈബല്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടിയെ എത്തിച്ചു. പതിവു പരിശോധനയ്ക്കായി ഹോസ്റ്റലില്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകരാണ് പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെ യുവാവിന്റെ പേര് പുറത്തുവന്നു.

വീട്ടുകാരുമായി അത്ര ചേര്‍ച്ചയില്‍ അല്ലാത്ത യുവാവ് ശബരിമല തീര്‍ഥാടനകാലത്ത് നിലയ്ക്കലില്‍ ജോലിക്ക് വന്നപ്പോഴാണ് പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. അടുപ്പത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാരും സമ്മതം മൂളി. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായി യുവാവ് മാറി. പെണ്‍കുട്ടി യുവാവിനെതിരേ പരാതി ഉന്നയിച്ചിട്ടില്ല. താന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തയാറാണെന്ന് പ്രതി പോലീസിനെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News