ന്യൂഡല്‍ഹി: രാഷ്ട്രപതിഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് മാറ്റിയ വിഷയത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് സി.പി.ഐ. എം.പി. ബിനോയ് വിശ്വം. പേരുമാറ്റാനുള്ള തീരുമാനം ഏകപക്ഷീയവും ദൗര്‍ഭാഗ്യകരവുമാണെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയാനാകാത്ത ഭാഗമാണ് മുഗള്‍ കാലഘട്ടം. ഒരു സാമ്രാജ്യത്തിന്റെ ഭാഗമെന്ന നിലയ്ക്ക്, മുഗള്‍ ഭരണകര്‍ത്താക്കളുടെ ചെയ്തികളില്‍ നല്ലതും ചീത്തയുമുണ്ട്. ഇക്കാര്യം ഹിന്ദു സാമ്രാജ്യങ്ങളുടെ കാര്യത്തിലും ശരിയാണ്, ബിനോയ് വിശ്വം കത്തില്‍ പറയുന്നു.
മുഗള്‍ എന്ന പദത്തെ ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയാനുള്ള ശ്രമം ഇന്ത്യന്‍ ചരിത്രത്തെ മാറ്റിയെഴുതാനുള്ള നീക്കമായി മാത്രമേ കാണാനാകൂ. ഡല്‍ഹിയുടെ ചരിത്രത്തിലെ പ്രധാനഘടകങ്ങളിലൊന്നാണ് പേരുമാറ്റത്തിലൂടെ നഷ്ടമായിരിക്കുന്നത്, ബിനോയ് വിശ്വം കത്തില്‍ വിമര്‍ശിക്കുന്നു.
തീരുമാനം പുനഃപരിശോധിക്കണമെന്നും വിഷയത്തില്‍ ചരിത്രകാരന്മാർ, പണ്ഡിതർ, അക്കാദമികരംഗത്തെ പ്രമുഖർ തുടങ്ങിയവരുമായി ചര്‍ച്ചചെയ്യണമെന്നും എം.പി. രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു.
രാഷ്ട്രപതി ഭവനിലെ പ്രശസ്തമായ ഉദ്യാനം മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് അമൃത് ഉദ്യാന്‍ എന്നാക്കി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ദിയുടെ 75-ാം വര്‍ഷികത്തോടനുബന്ധിച്ചുള്ള അമൃത് മഹോത്സവുമായി ബന്ധപ്പെട്ടായിരുന്നു ഉദ്യാനത്തിന്റെ പേരുമാറ്റം. ജനുവരി 29-ന് അമൃത് ഉദ്യാന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.