24.2 C
Kottayam
Saturday, May 25, 2024

പ്രദീപിന്റെ ഭൗതികദേഹം വാളയാറില്‍ മന്ത്രിമാര്‍ ഏറ്റുവാങ്ങി; വിലാപയാത്രയായി ജന്മനാട്ടിലേക്ക്

Must read

വാളയാര്‍: ഊട്ടിയിലെ കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്റെ മൃതദേഹം തൃശൂരിലെ വീട്ടിലേക്ക്. ഊട്ടി സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും റോഡുമാര്‍ഗം വിലാപയാത്രയായാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്. വാളയാര്‍ അതിര്‍ത്തിയില്‍ വെച്ച് മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, കെ രാധാകൃഷ്ണന്‍, കെ രാജന്‍ എന്നിവര്‍ ചേര്‍ന്ന് ഭൗതികദേഹം ഏറ്റുവാങ്ങി.

ഇവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.തുടര്‍ന്ന് പ്രദീപിന്റെ ഭൗതികദേഹം ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയിലേക്ക് തിരിച്ചു. രാവിലെ ഡല്‍ഹിയില്‍ നിന്നാണ് പ്രദീപിന്റെ മൃതദേഹം വിമാനമാര്‍ഗം സുലൂര്‍ വ്യോമകേന്ദ്രത്തിലെത്തിച്ചത്. ഭൗതികദേഹത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ അനുഗമിച്ചു.നാട്ടിലെത്തിക്കുന്ന മൃതദേഹം പ്രദീപ് പഠിച്ച പുത്തൂരിലെ സ്‌കൂളില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെക്കും.

സംസ്‌കാരത്തിന് 2 മണിക്കൂര്‍ മുന്‍പ് 70 അംഗ സൈനികര്‍ പ്രദീപിന്റെ വീട്ടിലെത്തും. വൈകീട്ട് വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി കേന്ദ്രമന്ത്രി മുരളീധരന്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കും.തൃശൂര്‍ പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടില്‍ ഉള്ളത്.

കോയമ്പത്തൂരില്‍ നിന്നും പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം തന്നെ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു. തൃശൂര്‍ പുത്തൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ് 37 കാരനായ പ്രദീപ്.ഏഴു വയസ്സുകാരന്‍ ദക്ഷിണ്‍ ദേവ്, രണ്ടു വയസ്സുള്ള ദേവപ്രയാഗ് എന്നിവരാണ് പ്രദീപിന്റെ മക്കള്‍.

വ്യോമസേന വാറന്റ് ഓഫീസറായ പ്രദീപ് 2004ലാണ് പ്രദീപ് വ്യോമസേനയില്‍ ചേര്‍ന്നത്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു. ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, പ്രദീപ് എന്നിവരടക്കം 14 പേരില്‍ 13 പേരും മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week