FeaturedNews

കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടം; ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നു

ന്യഡല്‍ഹി: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നു. എഐബിയും എയര്‍ഫോഴ്സ് ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീമും സംയുക്തമായാണ് പരിശോധന നടത്തുന്നത്. പ്രദേശത്തേക്ക് പൊതുജനങ്ങളെ കടത്തിവിടുന്നില്ല. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു.

അപകടം സംബന്ധിച്ച് തെളിവുകളെല്ലാം കൃത്യമായി ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അപകടം നടന്ന സ്ഥലത്തെ ദൃക്സാക്ഷികളുടെ മൊഴിയെടുക്കും. അതേസമയം ഹെലികോപ്റ്ററില്‍ നിന്ന് കണ്ടെടുത്ത ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറും കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറും ബംഗളൂരുവില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങള്‍ കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ നിന്ന് ശേഖരിക്കാനാണ് ശ്രമം.

ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ച് താഴേക്ക് വീഴുകയായിരുന്നോ താഴെ വീണ ശേഷം പൊട്ടിത്തെറിക്കുകയാണോ എന്നത് സംബന്ധിച്ചാണ് പരിശോധന നടക്കുന്നത്. നീലഗിരി എസ്പി ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിരുന്നു. അപകട സ്ഥലം സെന്‍ട്രല്‍ ഐബി നിരീക്ഷണത്തിലാണ്.

അതിനിടെ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ.പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാട്ടിലേക്ക് എത്തിക്കുകയാണ്. വിലാപയാത്ര വാളയാറിലെത്തി. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടിയും മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി വി മുരളീധരനും, ടി എന്‍ പ്രതാപന്‍ എം പിയും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഉച്ചയോടെ എ. പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയിലെത്തിക്കും. ഉച്ചയ്ക്ക് ശേഷം പുത്തൂരിലെ സ്‌കൂളില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് തൃശൂര്‍ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button