പീരുമേട്: വാഹനപരിശോധനക്കിടെ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ (എം.വി.ഐ) ഡ്രൈവറായി. വാഗമണ്‍-ഏലപ്പാറ റൂട്ടില്‍ കോലാഹലമേട്ടില്‍ ആണ് സംഭവം. വാഹന പരിശോധന നടത്തുന്നതിനിടെയാണ് ലൈസന്‍സില്ലാത്ത ഡ്രൈവറെ എം.വി.ഐ പിടികൂടിയത്.
കുമളിയില്‍ നിന്ന് വാഗമണ്ണിലേക്കു വന്ന ദിയമോള്‍ എന്ന ബസിലെ ഡ്രൈവറെയാണ് ലൈസന്‍സ് ഇല്ലാതെ പിടികൂടിയത്. കഴിഞ്ഞ നവംബറില്‍ കാലാവധി തീര്‍ന്ന ലൈസന്‍സായിരുന്നു ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന്, ട്രിപ് മുടങ്ങാതിരിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത ഡ്രൈവറെ ഒഴിവാക്കി എം.വി.ഐ വി. അനില്‍കുമാര്‍ ബസ് ഓടിച്ച് യാത്രക്കാരെ വാഗമണ്ണില്‍ എത്തിച്ചു. തുടര്‍ന്ന്, മറ്റൊരു ഡ്രൈവര്‍ എത്തി ഇവിടെ നിന്ന് സര്‍വിസ് പുനരാരംഭിച്ചു.
ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതിരിക്കല്‍, തീവ്രശബ്ദത്തോടുകൂടിയ സൈലന്‍സറിന്റെയും ഹോണുകളുടെയും ഉപയോഗം, നമ്പര്‍ പ്ലേറ്റിലെ കൃത്രിമങ്ങള്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെയായിരുന്നു നടപടി. ഇടുക്കി എന്‍ഫോഴ്‌സ്മെന്റ് അര്‍.ടി.ഒ പി.എ. നസീറിന്റെ നിര്‍ദേശപ്രകാരം എം.വി.ഐ വി. അനില്‍കുമാറിന് പുറമെ എ.എം.വി.ഐ പി.എസ്. ശ്രീജിത്തും പരിശോധനയില്‍ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം.
കുട്ടിക്കാനം, ഏലപ്പാറ, വാഗമണ്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 35 ഓളം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും നിയമലംഘനങ്ങള്‍ക്ക് ഒന്നര ലക്ഷത്തോളം രൂപ പിഴ ഈടാക്കുകയും ചെയ്തു.