FeaturedKeralaNews

ആംബുലൻസിന് വഴി തടഞ്ഞ് കാർ; ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്

കോഴിക്കോട്: അത്യാസന്ന നിലയിലായ രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്നു ആംബുലന്‍സിന്റെ വഴി തടഞ്ഞ് സ്വകാര്യ കാർ ഡ്രൈവർ. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍നിന്ന് രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിനെ ചേളന്നൂരിനും കക്കോടിക്കും ഇടയില്‍വെച്ചാണ് മാര്‍ഗതടസ്സമുണ്ടാക്കി കാർ ഓടിച്ചത്‌. തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയിട്ടും സൈറണ്‍ ശബ്ദം കേട്ടിട്ടും കാര്‍ ഡ്രൈവര്‍ സൈഡ് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.

റോഡിന് നടുവിലൂടെ തന്നെ നാല് കിലോ മീറ്ററാണ് കാര്‍ ഡ്രൈവര്‍ ആംബുലന്‍സിന് വഴി നല്‍കാതെ ചുറ്റിച്ചത്. ആംബുലന്‍സില്‍ നല്‍കിയിട്ടുള്ള ക്യാമറയിലാണ് കാറുകാരന്റെ വഴി മുടക്കിയുള്ള ഡ്രൈവിങ്ങിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. KL 11 AR 3542 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ് ആംബുലന്‍സിന്റെ വഴി തടഞ്ഞത്‌. കോഴിക്കോട് മാവൂര്‍ റോഡിലുള്ള ഹൈലാന്റ് സില്‍വര്‍ സാന്റ്‌സ് എന്ന സ്ഥാപത്തിന്റെ പേരിലുള്ള വാഹനമാണ് ഇതെന്നാണ് നന്മണ്ട ജോയിന്റ് ആര്‍.ട.ഒ. രാജേഷ് അറിയിച്ചത്.

തരുണ്‍ എന്ന ഡ്രൈവറാണ് സംഭവസമയത്ത് വാഹനമോടിച്ചിരുന്നതെന്നാണ് ആര്‍.ടി.ഒ. അറിയിച്ചിരിക്കുന്നത്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് മുന്നോടിയായി നേരിട്ട് വിളിച്ച് വരുത്തുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതിനു ശേഷം മൂന്ന് മാസത്തേക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പാലിയേറ്റീവ് കെയറില്‍ രണ്ട് ദിവസത്തെ സാമൂഹിക സേവനവും നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മുമ്പും ഇതേ റൂട്ടില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നത്. ഈ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും ഡ്രൈവര്‍മാര്‍ വിമര്‍ശിച്ചു. ഇത്തരത്തിലുള്ള പ്രവണതകള്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും ഇത്തരം പരാതികള്‍ക്ക് മേല്‍ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്നും ജോയിന്റ് ആര്‍.ടി.ഒ. ഉറപ്പു നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button