KeralaNews

ലോക്ക്ഡൗണില്‍ വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങില്ല; സഹായഹസ്തവുമായി മോട്ടോര്‍ വാഹന വകുപ്പ്

ആലപ്പുഴ: ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വര്‍ക്ഷോപ്പുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ദേശീയ പാതയിലും സംസ്ഥാന പാതകളിലും ബ്രേക്ക്ഡൗണ്‍ ആകുന്ന വാഹനങ്ങള്‍ക്ക് സഹായഹസ്തമേകി ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരളാ വിഭാഗം.

ഓച്ചിറ മുതല്‍ അരൂര്‍ വരെയുള്ള ദേശീയ പാതയിലും ജില്ലയിലെ മറ്റ് സംസ്ഥാന പാതകളിലൂടെയുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനായി ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. പി.ആര്‍. സുമേഷിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വര്‍ക്ക് ഷോപ്പുകളുമായി സഹകരിച്ചാണീ പ്രവര്‍ത്തനം.

24 മണിക്കൂറും സേവനം ലഭ്യമാകുന്നതിനായി ജില്ലയില്‍ ആറ് സ്‌ക്വാഡുകളാണ് നിരത്തില്‍ ഉണ്ടാവുക. വാഹനങ്ങള്‍ക്കുണ്ടാകുന്ന യന്ത്ര തകരാറുകള്‍ പരിഹരിക്കുന്നതിനായി എല്ലാ താലുക്കുകളിലും ബ്രേക്ക്ഡൗണ്‍ സര്‍വ്വീസ് യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയില്‍ എറണാകുളത്ത് നിന്നും ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് വളരെ അടിയന്തിരമായി ഓക്സിജന്‍ സിലിണ്ടറുമായി എത്തിയ വാഹനം കളര്‍കോട് ഭാഗത്ത് ഇലക്ട്രിക്കല്‍ തകരാറ് കാരണം സര്‍വ്വീസ് നിര്‍ത്തിയ സാഹചര്യത്തില്‍ എന്‍ഫോഴ്മെന്റ് എ.എം.വി.ഐ. ശ്രീജി നമ്പൂതിരിയുടെ നേതൃത്തത്തിലുള്ള സ്‌ക്വാഡാണ് ഉടന്‍ സ്ഥലത്തെത്തി വാഹനത്തിന്റെ തകരാര്‍ പരിഹരിച്ച് ഓക്സിജന്‍ സിലിണ്ടറുകള്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്.

ആര്‍.ടി.ഒ. സജീ പ്രസാദിന്റെ നേതൃത്തത്തില്‍ ആലപ്പുഴ മോട്ടോര്‍ വാഹന വകുപ്പ് 24 മണിക്കൂറും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഓക്സിജന്‍ ടാങ്കറുകളുടെ സുഗമമായതും അപകടരഹിതവുമായ യാത്രകള്‍ക്ക് 24 മണിക്കൂറും സേവന സന്നദ്ധരായി ഉദ്യോഗസ്ഥര്‍ നിരത്തിലുണ്ട്. ബ്രേക്ക്ഡൗണ്‍ സര്‍വ്വീസുകള്‍ക്ക് സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പര്‍: 9188961084, 9188961604, 9188961240.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button