ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതെ യുവതി മരിച്ചു; വീട്ടിലെത്തിച്ച മൃതദേഹം കണ്ട് കുഴഞ്ഞു വീണ അമ്മയ്ക്കും ദാരുണാന്ത്യം

തൃശൂര്‍: കാറ്റിലും മഴയിലും വൈദ്യുതി നിലച്ച് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതായതോടെ യുവതി മരിച്ചു. മകളുടെ വേര്‍പാടിന്റെ ആഘാതത്തില്‍ അമ്മക്കും ദാരുണാന്ത്യം. തൃശൂര്‍ മതിലകത്താണ് സംഭവം നടന്നത്. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരന്‍ മതിലകം വെസ്റ്റ് തോട്ടുപുറത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രീതി (49), മകള്‍ ഉണ്ണിമായ (27) എന്നിവരാണ് ഒരേ രാത്രിയില്‍ മരിച്ചത്.

ഹൃദയവാല്‍വ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഉണ്ണിമായ. കാട്ടൂര്‍ പൊഞ്ഞനം കോമരത്ത് ലാലിന്റെ ഭാര്യയായ ഉണ്ണിമായ്ക്ക് ഇടക്കിടെയുണ്ടാകുന്ന ശ്വാസതടസത്തില്‍ നിന്ന് ആശ്വാസമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വീട്ടില്‍ ഉപയോഗിച്ചിരുന്നത്.

എന്നാല്‍ വെള്ളിയാഴ്ച രാത്രി 11.30ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ചതോടെ ഓക്‌സിജന്‍ കോണ്‍സന്‍ട്രേഷന്‍ പ്രവര്‍ത്തനം നിലയ്ക്കുകയും, ഉണ്ണിമായ അവശനിലയില്‍ ആകുകയുമായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇടപെട്ട് ആംബുലന്‍സ് വരുത്തി സി. കെ. വളവ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മകളുടെ മരണ വിവരം അറിയിക്കാതെ കൂടെയുണ്ടായിരുന്ന സമീപവാസികള്‍ പ്രീതിയെ വീട്ടിലെത്തിക്കുകയായിരുന്നു. പിറകെ മകളുടെ ചേതനയറ്റ ശരീരവും ആംബുലന്‍സില്‍ കൊണ്ടുവന്നു. ഇതോടെ ആഘാതത്തില്‍ ഗുരുതരാവസ്ഥയിലായ പ്രീതിയെ അതേ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News