KeralaNews

ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ ഭാര്യമാരെ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചാൽ 45 ദിവസത്തിനുള്ളിൽ നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥൻമാർ ഭാര്യമാരെ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. സ്ത്രീധന പീഡന കേസുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സ്ത്രീധന പീഡന കഥകൾ പല വകുപ്പിലും കേൾക്കുന്നുണ്ട്. ഓരോ വകുപ്പും നിയമങ്ങൾ നിശ്ചയ ദാർഢ്യത്തോടെ നടപ്പാക്കും.
സർക്കാർ ജീവനക്കാർ ആണെന്ന അഹങ്കാരത്തിൽ ഭാര്യമാരെ അടിമകളാക്കി വെക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. പരാതികളുണ്ടായാല്‍ നടപടി കടുത്തതാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. സ്ത്രീധന പീഡനം നടത്തിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട ആദ്യ സംസ്ഥാനമാണ് കേരളമെന്നും ആന്‍റണി രാജു പറഞ്ഞു.

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ സംസ്ഥാന സര്‍ക്കാര്‍ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു കിരൺ. വിസ്മയയുടെ മരണത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്ന കിരണിനെ വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പിരിച്ചുവിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button