തിരുവനന്തപുരം:വാഹനാപകട നഷ്ടപരിഹാരം വൈകുന്നത് ഒഴിവാക്കാൻ പ്രാഥമിക, ഇടക്കാല, അന്തിമ അന്വേഷണ റിപ്പോർട്ടുകൾ ക്ലെയിം ട്രിബ്യൂണലിൽ സമർപ്പിക്കാൻ സമയപരിധി നിശ്ചയിക്കുന്നു. അപകടവിവരമറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പോലീസ് ആദ്യ അപകട റിപ്പോർട്ട് (എഫ്.എ.ആർ.) തയ്യാറാക്കണം. ഇൻഷുറൻസ് കമ്പനിക്കും ക്ലെയിം ട്രിബ്യൂണലിനും വിവരം കൈമാറണം. പ്രഥമാന്വേഷണ റിപ്പോർട്ടിന് (എഫ്.ഐ.ആർ.) പുറമേയാണിത്. 50 ദിവസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും (ഐ.എ.ആർ.), 90 ദിവസത്തിനുള്ളിൽ വിശദറിപ്പോർട്ടും (ഡി.എ.ആർ.) നിശ്ചിത ഫോമിൽ മോട്ടോർവാഹന നഷ്ടപരിഹാര ട്രിബ്യൂണലിൽ സമർപ്പിക്കണം.
അപകടവുമായി ബന്ധപ്പെട്ട ക്രൈം കേസിലെ അന്വേഷണം 60 ദിവസത്തിനുള്ളിൽ പൂർത്തീകരിച്ച് കുറ്റപത്രം നൽകണം. വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥർ വിശദീകരണം നൽകണം. വാഹനാപകട അന്വേഷണരീതിയിൽ കാതലായ മാറ്റമാണ് കേന്ദ്ര മോട്ടോർവാഹന ചട്ടഭേദഗതിയിലൂടെ വരുന്നത്.
ഡ്രൈവർ, വാഹന ഉടമ എന്നിവരുടെ വിശദവിവരങ്ങൾ പ്രത്യേക ഫോമിൽ ശേഖരിച്ച് 30 ദിവസത്തിനുള്ളിൽ ഫയൽ ചെയ്യണം. ഇതിന്റെ പകർപ്പിനൊപ്പം, ട്രിബ്യൂണലിൽ സമർപ്പിക്കുന്ന മൂന്ന് അപകട റിപ്പോർട്ടുകളും വാഹനാപകടത്തിൽപ്പെട്ടവർക്ക് കൈമാറണം. ഇരയായവരുടെ വിവരങ്ങൾ 60 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർ ട്രിബ്യൂണലിനും ഇൻഷുറൻസ് കമ്പനിക്കും കൈമാറണം.
അപകടസ്ഥലം ഉദ്യോഗസ്ഥർ സന്ദർശിച്ച് സൈറ്റ് പ്ലാൻ, അപകടത്തിന്റെ സ്‌കെച്ച്, വാഹനങ്ങളുടെ അവസ്ഥ, പരിക്കേറ്റവരുടെ വിവരങ്ങൾ എന്നിവ എഫ്.എ.ആറിൽ ഉൾക്കൊള്ളിക്കണം.പോസ്റ്റുമോർട്ടം റിപ്പോർട്ട്, ചികിത്സാരേഖകൾ എന്നിവ 15 ദിവസത്തിനുള്ളിൽ, ആശുപത്രികൾ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറണം. ഇൻഷുറൻസ് കമ്പനികളുടെ നടപടിക്രമം വേഗത്തിലാക്കാൻ സ്റ്റേറ്റ് നോഡൽ ഓഫീസർമാരെ നിയമിക്കണം. എഫ്.എ.ആർ. നൽകുന്ന കേസുകളിൽ തുടർ നടപടികൾ ചുമതലപ്പെടുത്തി ഇൻഷുറൻസ് കമ്പനി പ്രതിനിധിയെ നിയോഗിക്കണം.