കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍

കൊല്ലം: മൂന്നര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. കൊല്ലം കുണ്ടറ പുത്തൂര്‍ തെക്കുമ്പുറം ശങ്കരവിലാസത്തില്‍ ഡോ. ബബൂലിന്റെ ഭാര്യ ദിവ്യയെയാണ് (25) പോലിസ് കസ്റ്റഡിയിലെടുത്തത്.

മൂന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദിവ്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പോലീസ് നിഗമനം. അതേസമയം, ദിവ്യ മാനസികരോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടിയുടെ മൃതദേഹം കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ഉച്ചയ്ക്ക് ശേഷം ഡോ. ബബൂല്‍ തന്റെ ആയുര്‍വേദ ക്ലിനിക്കിലേക്ക് പോയിരുന്നു. അതിന് ശേഷം കുഞ്ഞ് കരഞ്ഞപ്പോള്‍ ദിവ്യ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.

ദിവ്യയുടെ അച്ഛന്‍ ജോണി വൈകുന്നേരം വന്ന് വാതില്‍തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദിവ്യ ഇതിനു തയ്യാറായില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കടക്കുകയായിരുന്നു. കുട്ടിയെ എടുത്തപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പ്രസവത്തിന് ശേഷം ദിവ്യ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ദിവ്യയെ നോക്കാന്‍ പിതാവ് ഒരു സ്ത്രീയെ നിര്‍ത്തിയിരുന്നു. രോഗം മാറിയെന്ന് ദിവ്യ പറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച സഹായിയെ പറഞ്ഞുവിട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News