ചാത്തന്നൂര്‍: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാന്‍ കുഞ്ഞു തടസ്സമാകുമെന്നു കണ്ടു പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ വിവാഹിതയായ യുവതി അറസ്റ്റില്‍. കല്ലുവാതുക്കല്‍ ഊഴായ്ക്കോട് പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ രേഷ്മ (22)യാണ് 6 മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ അറസ്റ്റിലായത്. ഉപേക്ഷിച്ചു മണിക്കൂറുകള്‍ക്കകം കുഞ്ഞു മരിച്ചു. രേഷ്മയ്ക്കെതിരെ കൊലക്കുറ്റത്തിനാണു കേസ്. ബാങ്ക് ജീവനക്കാരനെന്നു പറയുന്ന കൊല്ലം സ്വദേശിയായ കാമുകനെ രേഷ്മ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. ഇയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി.
വിഷ്ണു- രേഷ്മ ദമ്പതികള്‍ക്ക് 3 വയസ്സുള്ള പെണ്‍കുട്ടിയുണ്ട്. സുന്ദരേശന്‍പിള്ള- സീത ദമ്പതികളുടെ മകളാണു രേഷ്മ. പൊലീസിന് ഏറെ വെല്ലുവിളിയായ സംഭവത്തില്‍ സമീപവാസികളുടെ അടക്കം 8 പേരുടെ ഡിഎന്‍എ പരിശോധന നടത്തിയാണു യഥാര്‍ഥ പ്രതിയെ കുടുക്കിയത്. രണ്ടാമതൊരു കുഞ്ഞു കൂടി ഉണ്ടെങ്കില്‍ സ്വീകരിക്കാനാവില്ലെന്നു കാമുകന് പറഞ്ഞിരുന്നതിനാല്‍ വീണ്ടും ഗര്‍ഭിണിയായതും പ്രസവിച്ചതും ഇയാളെ അറിയിച്ചിരുന്നില്ല. വിവരം ഭര്‍ത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മറച്ചുവച്ചെന്നും പൊലീസ് പറയുന്നു.
ജനുവരി 4നു രാത്രി 9 മണിയോടെ വീടിനു പുറത്തുള്ള കുളിമുറിയില്‍ ആണ്‍കുട്ടിയെ പ്രസവിച്ച രേഷ്മ, പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാതെ കുളിമുറിക്കു സമീപത്തെ റബര്‍ തോട്ടത്തിലെ കരിയിലകള്‍ കൂട്ടിയിടുന്ന കുഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രസവിച്ച സ്ഥലം കഴുകി വൃത്തിയാക്കി ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു. രാവിലെ കരച്ചില് കേട്ടെത്തിയ വിഷ്ണു തന്നെ കുഞ്ഞിനെ എടുത്തെങ്കിലും അതു തന്റെ ചോരയില്‍ പിറന്ന കുഞ്ഞാണെന്ന് അറിഞ്ഞിരുന്നില്ല.
പാരിപ്പള്ളി പൊലീസ് കുഞ്ഞിനെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു