സര്‍വ്വാഭരണ വിഭൂഷിതയായുള്ള വിവാഹ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ,സ്ത്രീധനത്തിനെതിരായ പോസ്റ്റ് ഡിലീറ്റ് ചെയ്ത് നടി വീണാ നായര്‍,പേടിച്ചിട്ടല്ല പോസ്റ്റ് മുക്കിയതെന്ന് നടി
കൊച്ചി:സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്നു പറയാന്‍ ആഹ്വാനം ചെയ്തു പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമത്തില്‍ നിന്നും നീക്കം ചെയ്തത് ആരെയും പേടിച്ചിട്ടല്ലെന്നു വ്യക്തമാക്കി നടി വീണ നായര്‍. മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇതിലും വലിയ ഭീഷണി മുന്‍പ് ഉണ്ടായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചിട്ടില്ല. എന്നാല്‍ തന്റെ മകനെ കുറിച്ച് കമന്റുകള്‍ വന്നതോടെയാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് വീണ വ്യക്തമാക്കി.
ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് വിസ്മയ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണു സ്ത്രീധനത്തിനെതിരെയുള്ള കുറിപ്പ് വീണ പങ്കുവച്ചത്. വിവാഹത്തിന് സ്വര്‍ണം വാങ്ങരുതെന്നും പെണ്‍കുട്ടികളുടെ ഉന്നമനം ഉറപ്പാക്കണമെന്നും ഇതില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാഹസമയത്ത് ധാരാളം ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന വീണയുടെ ചിത്രം മുന്‍നിര്‍ത്തി അവഹേളിക്കുന്ന കമന്റുകള്‍ വന്നു. പിന്നാലെ താരം പോസ്റ്റ് പിന്‍വലിച്ചു. ഇതിന്റെ കാരണവും ട്രോളുന്നവര്‍ക്കുള്ള മറുപടിയും സമൂഹമാധ്യമത്തില്‍ ലൈവിലെത്തിയാണു താരം നല്‍കിയത്.
വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറു മാസം മുമ്പ് അമ്മയും മരിച്ചു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വര്‍ണമാണ് തനിക്കുണ്ടായിരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വര്‍ണം ധരിക്കണമെന്നു തനിക്കുണ്ടായിരുന്നു. അതിനായി സുഹൃത്തിന്റെ ജ്വല്ലറിയില്‍ നിന്നും ഒരു ദിവസത്തേയ്ക്കായി സ്വര്‍ണം എടുക്കുകയായിരുന്നു. ഇക്കാര്യം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും അറിയാം. അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്. അതിലിപ്പോള്‍ പശ്ചാത്താപമുണ്ട്. 7 വര്‍ഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്. സ്വര്‍ണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെണ്‍കുട്ടികള്‍ വേണ്ടെന്നു തന്നെ പറയണമെന്നാണു തന്റെ നിലപാടെന്നു വീണ വ്യക്തമാക്കി.
വീണ നായരുടെ വിഡിയോ കാണാം