ലോക് ഡൗൺ ഒരാഴ്ച കൂടി,നിയന്ത്രണങ്ങളോടെ ആരാധനാലങ്ങൾ തുറക്കാം, ഷൂട്ടിംഗിന് അനുമതി,മറ്റിളവുകൾ ഇങ്ങനെ
തിരുവനന്തപുരം: നിലവിലെ നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് നാളെ മുതൽ ഒരാഴ്ച കൂടി ലോക് ഡൗൺ തുടരും. 16 ശതമാനത്തിൽ താഴെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളിൽ നാളെ മുതൽ ആരാധനാലയങ്ങൾ തുറക്കും. ഒരുസമയം, പരമാവധി 15 പേർക്കായിരിക്കും പ്രവേശന അനുമതി.
ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങൾ തുറക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16-ൽ താഴെയുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും. ടിപിആർ 16-നും 24-നും ഇടയിലുള്ള ഇടങ്ങളിൽ 25 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും. ടെലിവിഷൻ പരമ്പരകൾക്കും ഇൻഡോർ ഷൂട്ടിംഗുകൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകി.
ജൂലൈ ഒന്നുമുതൽ മെഡിക്കൽ കോളേജുകളിൽ ക്ലാസ് തുടങ്ങും. തമിഴ്നാട്ടിൽ ലോക്ഡൗൺ തുടരുന്നതിനാൽ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ മദ്യശാലകൾ അടച്ചിടും. വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കുന്നത് ആലോചനയിലാണ്. രോഗവ്യാപന തോതിൽ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച വേഗം കൈവരാത്ത സാഹചര്യത്തിലാണ് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടുന്നത്.
പറളി, പിരായിരി പഞ്ചായത്തുകൾ അടച്ചിടും
കൊവിഡ് 19 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ചിട്ടുള്ള ഡെല്‍റ്റ പോസിറ്റീവ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ നാളെ (ജൂൺ 23) മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.
ന്യൂഡല്‍ഹിയിലെ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് & ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ നടത്തിയ ജനിതക (ജീനോമിക്) പഠനത്തിലാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ സ്രവത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. പ്രസ്തുത രോഗികളും, ഇവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന എല്ലാവരും നിലവില്‍ രോഗമുക്തി നേടിയിട്ടുണ്ട്.
രോഗവ്യാപന ശേഷി കൂടുതലുള്ള വകഭേദം മൂലം നിലവില്‍ ഭീതിജനകമായ അന്തരീക്ഷം ഇല്ലെങ്കിലും ജനങ്ങൾ കൂടുതല്‍ ജാഗ്രത സ്വീകരിക്കേണ്ടതിന്റെ ഭാഗമായാണ് പറളി, പിരായിരി ഗ്രാമപഞ്ചായത്തുകളിൽ മേൽ പറഞ്ഞ നടപടി സ്വീകരിച്ചത്. പൊതുജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യങ്ങള്‍ കുറയ്ക്കുകയും, സാമൂഹിക അകലം, മാസ്ക്ക് ധരിക്കല്‍ മുതലായ സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കണം.
ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് അതിര്‍ത്തികള്‍ അടച്ചിടുന്നതിനും, പൊതുജന സഞ്ചാരം, വാഹന ഗതാഗതം നിയന്ത്രിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. കൂടാതെ ഒരു എന്‍ട്രി, ഒരു എക്സിറ്റ് എന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി മറ്റു വഴികള്‍ അടച്ചിടാൻ സംയുക്തമായി നടപടികൾ സ്വീകരിക്കണം.
പ്രസ്തുത പഞ്ചായത്തുകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ (ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പാൽ പാലുല്‍പ്പന്നങ്ങൾ വില്‍ക്കുന്ന കടകള്‍, പഴം -പച്ചക്കറി വില്‍ക്കുന്ന കടകള്‍, മീൻ – ഇറച്ചി കടകള്‍, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള തീറ്റ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ മാത്രം തുറന്നു പ്രവർത്തിക്കാനാണ് അനുമതി. ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ഹോം ഡെലിവറി മാത്രം അനുവദിച്ച് തുറക്കാവുന്നതാണ്.
പൊതുജനങ്ങള്‍ക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിച്ചു നൽകുന്നതിന് ആര്‍.ആര്‍.ടിമാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കുകയും ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ ഒരുക്കാനും ജില്ലാ കലക്ടർ നിർദേശിച്ചു.
അവശ്യ സേവനങ്ങള്‍ക്കും, ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. കൂടാതെ ഈ പഞ്ചായത്തുകളിൽ നിയോഗിച്ചിട്ടുള്ള സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നീരീക്ഷണം ശക്തിപ്പെടുത്താനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.