‘അവന്‍ ഒരാടായിരുന്നു, ഞാന്‍ അവനെ പോകേണ്ടിടത്തേയ്ക്ക് വിട്ടയച്ചു’; അമ്മ എട്ടുമാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി

ഭോപ്പാല്‍: എട്ട് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുഞ്ഞ് ആടാണെന്ന് പറഞ്ഞ് കോടാലി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഭോപ്പാലിലെ അശോക് നഗര്‍ ജില്ലയിലാണ് സംഭവം. രശ്മി ലോധി എന്ന സ്ത്രീയാണ് അറസ്റ്റിലായത്.

‘അവന്‍ ഒരാടായിരുന്നു, ഞാന്‍ അവനെ പോകേണ്ടിടത്തേയ്ക്ക് വിട്ടയച്ചു’ , രക്തത്തില്‍ കുളിച്ച കുഞ്ഞിന്റെ ജഡവുമായി വീട്ടിലേക്കെത്തിയ രശ്മി പറഞ്ഞതിങ്ങനെ. രശ്മിയുടെ അച്ഛനാണ് സംഭവം പോലീസിലറിയിച്ചത്.

ശനിയാഴ്ച കുഞ്ഞുമായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ രശ്മി മണിക്കൂറുകള്‍ക്ക് ശേഷമാണ് മടങ്ങിയെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് ചോര ഒലിക്കുകയായിരുന്നു. കുടുംബം ആദ്യം സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പിറ്റേന്ന് രാവിലെ പോലീസിനെ വിവരമറിയിച്ചു.

ഹൈവേക്ക് സമീപം കുഞ്ഞിനെ കിടത്തി കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. കൊലപാതകത്തിനുപയോഗിച്ച കോടാലി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. രശ്മിയുടെ മാനസിക നില തകരാറിലാണെന്നും നിലവില്‍ ആശുപത്രിയിലാണെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News