KeralaNews

വാളയാര്‍ കേസ്; പോലീസില്‍ വിശ്വാസമില്ല, സി.ബി.ഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍

തിരുവനന്തപുരം: വാളയാര്‍ കേസില്‍ പോലീസ് അന്വേഷണത്തില്‍ ഇനി വിശ്വാസമില്ലെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ചാണ് പാലക്കാട് പോക്‌സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു.

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നാണു കേസ്. 2017 ജനുവരി പതിമൂന്നിനാണു 12 വയസുള്ള മൂത്ത പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ താമസിച്ചിരുന്ന താത്കാലിക ഷെഡിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 41 ദിവസങ്ങള്‍ക്കുശേഷം മാര്‍ച്ച് നാലിന് സഹോദരിയായ ഒന്‍പതു വയസുകാരിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.

രണ്ടു പെണ്‍കുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേസില്‍ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തു. ഇതില്‍ പ്രധാന പ്രതികളെയെല്ലാം പോക്‌സോ കോടതി വെറുതേ വിട്ടു. പ്രോസിക്യൂഷനു പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണു പ്രധാന പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെ വെറുതെവിട്ടത്. ഒരു പ്രതി പ്രദീപ് കുമാര്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു.

വാളയാര്‍ വിധി റദ്ദാക്കണമെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ അമ്മയാണു ഹൈക്കോടതിയെ സമീപിച്ചത്. ഏതന്വേഷണത്തിനും സന്നദ്ധമാണെന്നു സര്‍ക്കാരും കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണു വിചാരണ കോടതി വിധി റദ്ദാക്കിയുള്ള ഹൈക്കോടതി ഉത്തരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button