പിഞ്ച് കുഞ്ഞിനോട് കൊടുംക്രൂരത; അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് പിഞ്ച് കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. കൊട്ടിയൂര്‍ പാലുകാച്ചി സ്വദേശി രതീഷ് (43), കുട്ടിയുടെ അമ്മ രമ്യ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ചോദ്യം പോലീസ് ചെയ്തുവരികയാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു. വിശദമായ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കി.

കേളകം കണിച്ചാര്‍ അംശം ചെങ്ങോത്ത് ഒരു വയസുള്ള പെണ്‍കുട്ടിക്കു നേരെയായിരുന്നു രണ്ടാനച്ഛന്റെ അതിക്രമം. മരക്കഷണം കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ തോളെല്ല് പൊട്ടി. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ മുന്‍പും മര്‍ദിച്ചിരുന്നതായി പോലീസ് പറയുന്നു. രാത്രിയില്‍ വെറുംനിലത്താണ് കുട്ടിയെ കിടത്തിയിരുന്നതെന്നും പറയുന്നു.

പരിക്കേറ്റ കുഞ്ഞിനെ രാത്രി എട്ടിന് പേരാവൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുക യായിരുന്നു. കുട്ടി അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു മാസം മുന്‍പാണ് രതീഷ് രമ്യയെ വിവാഹം കഴിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News