പകര്‍ച്ചവ്യാധികള്‍ തടയാന്‍ കൊതുകിന്റെ ഉമിനീരില്‍ നിന്ന് വാക്‌സിനുമായി യു.എസ് ഗവേഷക
ന്യൂയോര്‍ക്ക്: കൊതുകുകളിലൂടെ പകരുന്ന പകര്‍ച്ചവ്യാധികള്‍ തടയാന്‍ കൊതുകിന്റെ ഉമിനീരില്‍നിന്നുള്ള വാക്‌സിനുമായി യു.എസ് ഗവേഷക. ജെസിക്ക മാനിംഗ് എന്ന ഗവേഷകയാണ് വാക്‌സിന്റെ ആദ്യ ക്ലിനിക്കല്‍ ട്രയലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലാന്‍സെറ്റ് മാസികയില്‍ പ്രസിദ്ധീകരിച്ചത്.
മലേറിയ, ചിക്കന്‍ ഗുനിയ, ഡെങ്കു, സിക്ക, യെല്ലോ ഫീവര്‍, വെസ്റ്റ് നൈല്‍, മയാറോ വൈറസുകളെ ചെറുക്കാന്‍ ഈ വാക്‌സിന് ശേഷിയുണ്ടെന്നാണ് ഗവേഷകയുടെ അവകാശവാദം. മലേറിയ വാക്‌സിനു വേണ്ടിയുള്ള ഗവേഷണങ്ങള്‍ക്കിടെയാണ് കൊതുകുജന്യ രോഗങ്ങള്‍ക്കെല്ലാം ചേര്‍ത്ത് ഒരു വാക്‌സിന്‍ എന്ന ആശയത്തിലേക്ക് എത്തിയത്. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ ക്ലിനിക്കല്‍ റിസര്‍ച്ചറാണ് ജെസിക്ക. കൊതുകിന്റെ ഉമിനീരില്‍ നിന്നുള്ള പ്രോട്ടീന്‍ ഉപയോഗിച്ച് വാക്സിന്‍ നിര്‍മിക്കുകയാണ് ജെസിക്കയുടെയും സംഘത്തിന്റെയും ലക്ഷ്യം.
മേരിലാന്‍ഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്ത് ക്ലിനിക്കല്‍ സെന്ററിലായിരുന്നു പരീക്ഷണം. അണുബാധ ഒഴിവാക്കുകയോ നിര്‍വീര്യമാക്കുകയോ ചെയ്യാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്‌സിന്റെ ലക്ഷ്യം. ആരോഗ്യവാന്മാരായ 49 വൊളന്റിയര്‍മാരിലാണ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ പരീക്ഷിച്ചത്. വാക്‌സിന്‍ നല്‍കി ആഴ്ചകള്‍ക്കു ശേഷം ഇവരുടെ കൈകളില്‍ കൊതുകിനെ വയ്ക്കുകയാണ് ചെയ്തത്. കൊതുകിന്റെ ഉമിനീരിനോടു ശരീരത്തിന്റെ പ്രതിരോധസംവിധാനം പ്രതികരിക്കുന്നതെങ്ങിനെയെന്നു നിരീക്ഷിച്ചു. ഇതില്‍ അനുകൂലമായ ഫലമാണു ലഭിച്ചത്.