നജ്റാൻ:സൗദി നജ്റാനിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ ഞായറാഴ്ച നാട്ടിലെത്തിക്കും.നജ്റാൻ കിങ് ഖാലിദ് ആശുപത്രി നഴ്സുമാരായ കോട്ടയം കുഴിമറ്റം പാച്ചിറത്തോപ്പിൽ ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം നെയ്യാറ്റിൻകര താന്നിമൂട് ഹരേ രാമയിൽ അശ്വതി വിജയൻ (31) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച എത്തിക്കുന്നത്.
പുലർച്ചെ 3.30 ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന അബുദബി- കൊച്ചി ഫ്ലൈറ്റിൽ ഷിൻസിയുടെയും, 7 മണിക്ക് തിരുവനന്തപുരത്ത് അശ്വതിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി.
ഇവിടെ നിന്നും നോർക്കയുടെ ആമ്പുലൻസിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങി വീടുകളിൽ എത്തിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസും, സൗദിയിലെ ഇന്ത്യൻ കോൺസലേറ്റുമായി നിരന്തരം ബന്ധപ്പെട്ടാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. സാധാരണ ഗതിയിൽ പത്ത് ദിവസങ്ങൾ കൊണ്ടാണ് ഇത്തരം അപകട കേസുകളിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതശരീരം വിട്ടുനൽകുന്നത്.
നജ്റാൻ പ്രതിഭയുടെ ജീവകാരുണ്യ വിഭാഗം കൺവീനറും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗവുമായ അനിൽ രാമചന്ദ്രൻ്റെ നേതൃത്വത്തിലാണ് സൗദി സർക്കാരുമായും, കോൺസിലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്.
നജ്റാനിൽ നിന്ന് 80 കിലോമീറ്റർ അകലെ താർ ആശുപത്രിയിലെ സുഹൃത്തിനെ കാണാൻ പോയി മടങ്ങവേ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 2 പേർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.