വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറി; ആറു യുവാക്കള്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ വടിവാള്‍ ഉപയോഗിച്ച് ജന്മദിന കേക്ക് മുറിച്ച ആറു യുവാക്കള്‍ അറസ്റ്റില്‍. ചെന്നൈ കണ്ണകി നഗറിലാണ് സംഭവം. സുനില്‍, നവീന്‍ കുമാര്‍, അപ്പു, ദിനേശ്, രാജേഷ്, കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച കണ്ണകി നഗറിലെ ഹൗസിങ് ബോര്‍ഡ് ക്വോര്‍ട്ടേഴ്‌സില്‍ സുനിലിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം. ജന്മദിന കേക്ക് വടിവാള്‍ ഉപയോഗിച്ച് മുറിക്കുകയായിരുന്നു. വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.
കണ്ണകി നഗറില്‍ തന്നെ താമസിക്കുന്ന യാഗേശ്വരന്‍ എന്ന വ്യക്തിയുടെ പരാതിയില്‍ പിന്നീട് പൊലീസ് കേസെടുക്കുകയും ചെയ്തു. മാരകായുധം ഉപയോഗിച്ചതിനും ഉച്ചത്തില്‍ പാട്ടുവെച്ച് സമീപവാസികള്‍ക്ക് ശല്യമുണ്ടാക്കിയതിനുമാണ് കേസ്.
ആഘോഷത്തില്‍ പങ്കെടുത്ത 9 പേര്‍ക്കായി തിരച്ചിലും തുടങ്ങി. മാരാകായുധം കൈവശംവെയ്ക്കല്‍, സമുഹത്തില്‍ ഭീതി പടര്‍ത്തല്‍,പകര്‍ച്ചവ്യാധി പടര്‍ത്താന്‍ ശ്രമിക്കുക,ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ചുമത്തിയിരിക്കുന്നത്. കട്ടറിനു മുകളില്‍ വച്ച കേക്ക് മുറിക്കുകയായിരുന്നു.
സുഹൃത്തുക്കളിലൊരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്തതോടെ പണി പാളി.