ജനീവ: ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ് കുരങ്ങ് പനി. കോവിഡ് വ്യാപനം പല രാജ്യങ്ങളിലും തുടരുന്നതിനിടെയാണ് കുരങ്ങ് പനി ആശങ്കയേറ്റുന്നത്. മേയ് 21 വരെയുള്ള ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 12 രാജ്യങ്ങളില്‍ നിന്ന് 92 ഫലങ്ങളാണ് പോസിറ്റീവ് ആയിട്ടുള്ളത്. ഇതിന് പുറമേ 28 കേസുകള്‍ കുരങ്ങ് പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതുമാണ്. കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലാത്ത 12 രാജ്യങ്ങളില്‍ നിന്നാണ് ലോകാരാഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളത്. അതേസമയം, മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഓസ്‌ട്രേലിയ, ബെല്‍ജിയം, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സ്വീഡന്‍, യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബെല്‍ജിയത്തില്‍ കുരങ്ങ് പനി സ്ഥിരീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. അതേസമയം, സ്‌മോള്‍പോക്‌സിന്‍റേതുപോലെ മാരകമായ വ്യാപനം കുരങ്ങ് പനിക്ക് ഉണ്ടാകില്ലെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്.
സാധാരണയായി ആഫ്രിക്കയില്‍ കണ്ടുവരുന്ന കുരങ്ങ് പനി ആഫ്രിക്കയ്ക്ക് പുറത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ശാസ്ത്രലോകം ആശ്ചര്യവും ആശങ്കയും രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍ ഇതുവരെ കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോവിഡ് വ്യാപനം അവസാനിക്കാത്ത രാജ്യങ്ങളില്‍ കുരങ്ങ് വസൂരി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്.
ത്വക്കില്‍ അസാധാരണമായ വിധത്തിലുള്ള ചൊറിച്ചിലോ കുമിളകളോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പനി, തലവേദന, ത്വക്കില്‍ ചൊറിച്ചില്‍, കുമിളകള്‍ തുടങ്ങിയവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍. സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരില്‍ രോഗവ്യാപനം കൂടുതല്‍ കാണപ്പെടുന്നതായി ലോകാരോഗ്യസംഘടന നേരത്തെ നിരീക്ഷിച്ചിരുന്നു.
കുരങ്ങ്, എലി എന്നിവയില്‍നിന്ന് രോഗം സംക്രമിക്കാനിടയുണ്ട്. കുരങ്ങുപനിയ്ക്ക് കാരണമായ വൈറസിന് രണ്ട് വകഭേദമാണുള്ളത്. പത്ത് ശതമാനം മരണനിരക്കുള്ള കോംഗോ വകഭേദവും (Congo strain) ഒരു ശതമാനം മരണനിരക്കുള്ള പടിഞ്ഞാറന്‍ ആഫ്രിക്കന്‍ വകഭേദവും (West African strain). ഗുരുതരരോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ടെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ രോഗം മാറുന്നതായാണ് കണ്ടുവരുന്നത്. കുരങ്ങുപനിയില്‍ മരണനിരക്ക് പൊതുവെ കുറവാണ്.