നാല് ദിവസം മുൻപും സിയ കൊലപാതകത്തിന് ശ്രമിച്ചു, കേതൻ രക്ഷപ്പെട്ടത് ചെടിയിൽ പിടിച്ചതിനാൽ

നാല് ദിവസം മുൻപും സിയ കൊലപാതകത്തിന് ശ്രമിച്ചു, കേതൻ രക്ഷപ്പെട്ടത് ചെടിയിൽ പിടിച്ചതിനാൽ

പുണെ: ലോഹഗഡ് ഫോർട്ടിൽ നടന്ന കേതൻ അഗർവാൾ കൊലപാതക കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജൂൺ 18ന് കേതൻ അഗർവാളിനെ തള്ളിയിട്ട് കൊലപ്പെടുത്തുന്നതിന് നാല് ദിവസം മുൻപും പ്രതികൾ കൊലപാതക ശ്രമം നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ശ്രമം പരാജയപ്പെട്ടതിന് തുടർന്നാണ് വീണ്ടും ലോഹഗഡിലെത്തിയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. കേതൻ അഗർവാളിന്റെ പിതാവ് വിശാൽ അഗർവാളാണ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്.

ജൂൺ പതിനാലിന് ഇരുവരും ലോഹഗഢ് ഫോർട്ടിൽ പോയിരുന്നു. അന്ന് സിയ സംസാരത്തിനിടെ കേതനെ താഴേക്ക് തള്ളി. എന്നാൽ കുറ്റിച്ചെടിയിൽ പിടുത്തം കിട്ടിയതിനാൽ കേതന് അപായമൊന്നും സംഭവിച്ചില്ല. സംശയം തോന്നാതിരിക്കാൻ പാമ്പ് എന്ന് വിളിച്ചലറുകയും ചെയ്തു. തള്ളിയിടാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ കള്ളത്തരം പുറത്തുവരാതിരിക്കാനായിരുന്നു സിയയുടെ നീക്കം.

പ്രീവെഡ്ഡിങ് പാർട്ടിക്കായി ബാലിയിലേക്ക് പോയ യാത്ര മുടങ്ങിയതിനെ കുറിച്ചും പിതാവ് പറഞ്ഞു. നാല് പേരാണ് യാത്ര തുടങ്ങിയത്. എന്നാൽ എയർപോർട്ടിൽ എത്തിയപ്പോൾ കേതന്റെ പാസ്‌പോർട്ട് മാത്രം കാണാതായി. കുറേ തിരഞ്ഞിട്ടും കാണാതായതോടെ അവർ തിരിച്ചുവന്നു. മൂന്നോ നാലോ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലോഹഗഡ് ഫോർട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടും ഇരുവരും തമ്മിൽ വഴക്കുണ്ടായി. അതുപ്രകാരമാണ് ജൂൺ 18ന് അവർ വീണ്ടും ഫോർട്ടിലേക്ക് പോയത്.- വിശാൽ അഗർവാൾ പറഞ്ഞു.

അതേസമയം കേതർ അഗർവാളിന് കൊലപ്പെടുത്തിയവർക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മാതാവും രംഗത്തെത്തി. സിയയും കാമുകനുമാണ് ഇതിന് പിന്നിൽ. അതിൽ സംശയമൊന്നുമില്ല. സിയയെ ഞാൻ നിരവധി തവണ കണ്ടിട്ടുണ്ട്. ഞങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്, യാത്രകൾ ചെയ്തിട്ടുണ്ട്, ഷോപ്പിങ്ങിന് പോലും പോയിട്ടുണ്ട്. ഇത്തരമൊരു ചിന്ത സിയയ്ക്കുണ്ടായിരിക്കുമെന്ന് ഞങ്ങളൊരിക്കലും പ്രതീക്ഷിച്ചില്ലെന്ന് മാതാവ് പ്രതികരിച്ചു.

ജൂൺ 18നാണ് പുണെയിലെ ലോഹഗഡ് കോട്ടയിൽ വെച്ച് കേതൻ വീണുമരിക്കുന്നത്. ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തിൽ വീണതാണെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമായിരുന്നു അതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ സിയ ഗോയലിനേയും കാമുകനായ ചേതൻ ചൗധരിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News