‘സാരിയുടുത്താൽ ‘അമ്മച്ചിക്ക് പ്രായമായി’ ബിക്കിനിയിട്ടാൽ സിനിമയിൽ റോൾ കിട്ടാൻ വേണ്ടി കഷ്ടപ്പെടുന്നു എന്ന് പറയും; എങ്ങനെ ഇങ്ങനെ ചിന്തിക്കാനാകുന്നു?; സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി സാനിയ അയ്യപ്പൻ

കൊച്ചി: വസ്ത്രധാരണത്തിന്റെ പേരിൽ താൻ നേരിടേണ്ടി വരുന്ന വിമർശനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സാനിയ അയ്യപ്പൻ. മലയാള സിനിമയിലെ യുവതാരങ്ങളിൽ സ്റ്റൈലിഷ് വസ്ത്രധാരണത്തിന് ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് സാനിയ. എന്നാൽ ഇതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സാരിയാണെങ്കിലും ബിക്കിനിയാണെങ്കിലും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ പതിവാണ്. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപകരമായ കമന്റുകൾ കാരണം താൻ ഏറെക്കാലമായി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് നിർത്തിവെച്ചിരിക്കുകയാണെന്നും സാനിയ പറഞ്ഞു.

”ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ പഴി കേട്ടത് ഞാനായിരിക്കും. ആളുകളുടെ ചിന്താഗതിയിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും ചിലർ ഇപ്പോഴും പഴയ ചിന്താഗതിക്കാർ തന്നെയാണ്. എന്റെ ഇൻസ്റ്റഗ്രാം കമന്റുകളിൽ അത്തരം നെഗറ്റീവ് കമന്റുകൾ ഇപ്പോഴും വരാറുണ്ട്. സാരിയുടുത്താൽ ‘അമ്മച്ചിക്ക് പ്രായമായി’ എന്നാകും കമന്റുകൾ. ഞാൻ യാത്ര ചെയ്യുമ്പോൾ ബീച്ചിൽ ബിക്കിനി ധരിക്കാറുണ്ട്. അതിന്റെ ചിത്രങ്ങൾ പങ്കുവെച്ചാൽ ‘സിനിമയിൽ റോൾ കിട്ടാൻ വേണ്ടി പാവം കഷ്ടപ്പെടുന്നു’ എന്ന് വ്യാഖ്യാനിക്കും. ബിക്കിനിയിട്ടാൽ എങ്ങനെയാണ് സിനിമയിൽ അവസരം ലഭിക്കുകയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്ത് ചെയ്താലും പാതി ആളുകൾക്കും പറയാനുള്ളത് നെഗറ്റീവ് മാത്രമാണ്” – സാനിയ പറയുന്നു.

തുടർച്ചയായ സൈബർ ആക്രമണങ്ങൾ തന്റെ മാനസികാരോഗ്യത്തെ ബാധിച്ചു തുടങ്ങിയതോടെയാണ് ഫോട്ടോഷൂട്ടുകൾ കുറച്ചത്. തന്നെ തെറ്റായ രീതിയിൽ ചിത്രീകരിക്കാൻ പലരും ശ്രമിക്കാറുണ്ട്. കോഴിക്കോട് വെച്ചുണ്ടായ സംഭവത്തിൽ താൻ പ്രതികരിച്ചപ്പോഴും, ‘അങ്ങനെയുള്ള വസ്ത്രം ധരിച്ചതുകൊണ്ട് അവൾക്ക് അത് തന്നെ വേണം’ എന്ന തരത്തിലായിരുന്നു കമന്റുകൾ. ഇത്തരത്തിൽ ചിന്തിക്കാൻ ആളുകൾക്ക് എങ്ങനെ കഴിയുന്നുവെന്നും സാനിയ ചോദിക്കുന്നു. കുറച്ചുനാളായി ഇത്തരം വിവാദങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News