തിരുവനന്തപുരം:മോൻസൺ മാവുങ്കലിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തുന്നു. താൻ നിർമ്മിച്ച വിഗ്രഹങ്ങൾ പുരാവസ്തുവെന്ന് പറഞ്ഞ് മോൻസ് വിൽക്കാൻ ശ്രമിച്ചു എന്നാരോപിച്ച് തിരുവനന്തപുരം മുട്ടത്തറ സ്വദേശി സ്വദേശി സുരേഷാണ് ഏറ്റവുമൊടുവിൽ പരാതിയുമായി രംഗത്തെത്തിയത്.
മോൻസന്റെ ശേഖരത്തിലെ വലിയ വിഗ്രഹങ്ങൾ നിർമ്മിച്ചത് താനാണെന്ന് സുരേഷ് പറയുന്നു. 75 ലക്ഷം രൂപ മോൻസൺ തട്ടിച്ചെന്നാണ് സുരേഷിന്റെ പരാതി. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് സുരേഷ് പരാതി നൽകി. മോൻസൺ കാരണം താൻ സാമ്പത്തികമായി തകർന്നുവെന്ന് സുരേഷ് പറയുന്നു. നാളെ കൊച്ചിയിൽ സുരേഷിന്റെ മൊഴി രേഖപ്പെടുത്തും.പല ഘട്ടങ്ങളായി ലക്ഷങ്ങൾ മോൻസൺ തട്ടിയെന്ന് ചങ്ങാനാശേരി സ്വദേശിയും പരാതി നൽകിയിട്ടുണ്ട്.
മോശയുടെ അംശവടി എന്നവകാശപ്പെട്ട വടി പുരാവസ്തുവല്ലെന്ന് മോൻസന് പുരാവസ്തുക്കൾ നൽകിയ സന്തോഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.ചാനൽ ചർച്ചയിലാണ് സന്തോഷിന്റെ വെളിപ്പെടുത്തൽ. വെറും നാൽപ്പത് മുതൽ അമ്പത് വർഷം മാത്രം പഴക്കമുള്ള വാക്കിംഗ് സ്റ്റിക്കാണ് താൻ മോൻസന് വിറ്റതെന്നും ഇതാണ് പിന്നീട് മോശയുടെ അംശവടിയാണെന്ന് മോൻസൻ പ്രചരിപ്പിച്ചതെന്നും സന്തോഷ് പറഞ്ഞു.
കാലപ്പഴക്കം പറഞ്ഞുതന്നെയാണ് ഓരോ വസ്തുക്കളും മോൻസന് നൽകിയതെന്നും ഊന്നുവടി എന്ന് പറഞ്ഞുതന്നെയാണ് ആ വടി കൊടുത്തതെന്നും സന്തോഷ് വ്യക്തമാക്കി. പുരവസ്തുക്കൾ കളക്ട് ചെയ്ത് ആന്റിക് ബിസിനസ് നടത്തുകയും സിനിമയുടെ കലാസംവിധാനത്തിന് വസ്തുക്കൾ നൽകുകയും ചെയ്യുന്നയാളാണ് താനെന്നും സന്തോഷ് കൂട്ടിച്ചേർത്തു.
മോൻസന്റെ കയ്യിലുള്ള പുരാവസ്തുക്കളിൽ ഭൂരിഭാഗവും സന്തോഷിന്റെ പക്കൽ നിന്നും വാങ്ങിയതാണ്. എന്നാൽ ഇതിന് ഒരു രൂപ പോലും തനിക്ക് കിട്ടിയിട്ടില്ലെന്നുമാണ് സന്തോഷ് പറയുന്നത്. ഖത്തർ ദുബായ് എന്നിവിടങ്ങളിൽ നിന്ന് ആളുകൾ വരാറുണ്ട് എന്ന് പറയുമ്പോൾ സാധനങ്ങൾ കൊണ്ടുകൊടുക്കും. പക്ഷേ വിറ്റതായി അറിയില്ല.
ത്രേതായുഗത്തിൽ കൃഷ്ണൻ വെണ്ണ കട്ടുതിന്ന് സ്ഥിരമായി ഉറി പൊട്ടിച്ചിരുന്നതിനാൽ അമ്മ യശോദ മരംകൊണ്ട് നിർമ്മിച്ചതെന്ന് മോൻസൻ അവകാശപ്പെട്ട ഉറിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇത് ഒരു പഴയ വീട്ടിൽ തൈരും വെണ്ണയും ഇട്ടുവയ്ക്കുന്ന അറുപത് വർഷം പഴക്കം മാത്രമുള്ളതാണെന്നും താൻ തന്നെയാണ് അതും മോൻസന് നൽകിയതെന്നും സന്തോഷ് പറഞ്ഞു. 2000 രൂപയ്ക്കാണ് ഈ ഉറി നിൽപ്പന നടത്തിയത്. സാധാരണ ഉറിയാണെന്ന് പറഞ്ഞുതന്നെയാണ് വിറ്റതെന്നും സന്തോഷ് പറഞ്ഞു.
തന്റെ പക്കൽ നിന്ന് വാങ്ങിയ സാധനങ്ങളൊന്നും മോൻസൻ വിറ്റതായി അറിവില്ല. എല്ലാം സാധനങ്ങളും അവിടെത്തന്നെയുണ്ട്. സാധനങ്ങൾ കാണിച്ച് പലരിൽനിന്നായി പൈസ വാങ്ങിയതായാണ് അറിയാൻ കഴിഞ്ഞത്. യൂട്യൂബ് വീഡിയോയിൽ മോശയുടേതെന്നും കൃഷ്ണന്റേതെന്നുമെല്ലാം പറഞ്ഞ് സാധനങ്ങൾ പരിചയപ്പെടുത്തുന്നത് കണ്ടപ്പോൾ അന്വേഷിച്ചെന്നും തട്ടിപ്പിന് വേണ്ടിയാണോ ഉപയോഗിക്കുന്നത് എന്ന് ചോദിച്ചപ്പോൾ കൌതുകത്തിന് വേണ്ടിയാണ് അങ്ങനെ പറയുന്നതെന്നായിരുന്നു മോൻസന്റെ മറുപടി. അപ്പോഴേ ആളുകൾ കൌതുകത്തോടെ ഇതെല്ലാം കാണാൻ വീട്ടിലെത്തൂ എന്നും മോൻസൻ പറഞ്ഞതായി സന്തോഷ് വ്യക്തമാക്കി.
നബിയുടെ വിളക്കെന്ന് പറഞ്ഞത് ജൂതർ ഉപയോഗിച്ചിരുന്ന മൺവിളക്കാണ്. വിളക്കിന് പരമാവധി 100 കൊല്ലം പഴക്കമുണ്ട്. 78 ശതമാനം വസ്തുക്കളും താൻ നൽകിയതാണ്. ആനക്കൊമ്പുകളും വ്യാജമാണ്. തടിയിലോ മറ്റോ നിർമ്മിച്ച വസ്തുവാണ് വ്യാജ ആനക്കൊമ്പെന്നും സന്തോഷ് പറയുന്നു.