മലപ്പുറത്ത് വീണ്ടും സദാചാര പോലീസ് ആക്രമണം; യുവാവിനെ തല്ലിച്ചതച്ചു

മലപ്പുറം: മലപ്പുറം തിരൂര്‍ പെരുമ്പടപ്പില്‍ വനിതാ സുഹൃത്തിനെ കാണാന്‍ എത്തിയ യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് യുവാവിന് ആക്രമിച്ചു. പെരുമ്പടപ്പ് സ്വദേശി ബാദുഷക്കാണ് മര്‍ദ്ദനമേറ്റത്. സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. രാത്രി വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ ബാദുഷയെ നാട്ടുകാരില്‍ ഒരു സംഘം വലിയ വടികളും ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ബാദുഷയുടെ അകന്ന ബന്ധു കൂടിയാണ് സുഹൃത്തായ യുവതി. ഇരുകുടുംബങ്ങള്‍ തമ്മില്‍ ഏറെക്കാലമായി പരിചയവുമുണ്ട്. സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ബാദുഷ വീട്ടിലേക്ക് വരുന്നതില്‍ യുവതിയുടെ ഭര്‍ത്താവിനോ കുടുംബത്തിനോ പരാതി ഇല്ല. എന്നാല്‍, ബാദുഷ ഇടയ്ക്കിടെ വീട്ടില്‍ വരുന്നതിന് ഒരു സംഘം നാട്ടുകാര്‍ക്കായിരുന്നു ബുദ്ധിമുട്ട്. ബാദുഷ വീട്ടിലേക്ക് വരുന്നത് കണ്ട നാട്ടുകാരില്‍ ചിലര്‍ രാത്രി വടികളുമായി എത്തി ആക്രമിക്കുകയായിരുന്നു. ആക്രമിക്കുമ്പോള്‍ വീട്ടിലെ സ്ത്രീകള്‍ ‘ഒന്നും ചെയ്യല്ലേ’ എന്ന് കരഞ്ഞ് അഭ്യര്‍ത്ഥിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സ്ത്രീകളുള്ള വീടാണ്, എനിക്ക് പരിചയമുള്ള വീടാണ്, നമുക്ക് പുറത്ത് പോയി സംസാരിക്കാമെന്ന് ബാദുഷ അഭ്യര്‍ത്ഥിക്കുമ്പോള്‍ ‘വേണ്ടെടാ നീ ഇവിടെ ചെയ്യ്’ എന്നാണ് ബാദുഷയെ കയ്യേറ്റം ചെയ്യുന്നവര്‍ ആക്രോശിക്കുന്നത്.

റംഷാദേ, ഇനിയെന്ത് വേണം എന്നും വീഡിയോ പകര്‍ത്തുന്നയാള്‍ ചോദിക്കുന്നത് കേള്‍ക്കാം. ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങളെല്ലാം പകര്‍ത്തിയത് അക്രമം നടത്തിയ സദാചാര ഗുണ്ടാ സംഘത്തിലുള്ളവര്‍ തന്നെയാണ്. ഇവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവത്തില്‍ പോലീസ് ഇടപെല്‍ ഉണ്ടായത്. ആക്രമണത്തില്‍ പരുക്കേറ്റ ബാദുഷ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കണ്ടാലറിയാവുന്ന പതിനഞ്ചു പേര്‍ക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News