കൊല്ലത്ത് അമ്മയ്ക്കും മകനുമെതിരെയും സദാചാര ഗുണ്ടായിസം; കാര്‍ അടിച്ചു തകര്‍ത്തു, കമ്പി വടികൊണ്ട് മര്‍ദ്ദിച്ചു

കൊല്ലം: പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ എത്തിയ അമ്മയ്ക്കും മകനും സദാചാര ഗുണ്ടായിസം. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം. എഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതില്‍ ഷംല, മകന്‍ സാലു എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവരെയും ആക്രമിക്കുകയും ഇവര്‍ വന്ന കാര്‍ അക്രമി അടിച്ചു തകര്‍ക്കുകയും ചെയ്തു.

ഷംലയുടെ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി തിരികെ വരുമ്പോള്‍ ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിലെ റോഡരികില്‍ വാഹനം നിര്‍ത്തി. ഈ സമയത്താണ് ഒരാള്‍ എത്തി ഇവര്‍ക്കു നേരെ അസഭ്യം പറയുകയും കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തത്.

തുടര്‍ന്ന് വാഹനത്തില്‍ നിന്ന് മകന്‍ സാലു പുറത്തിറങ്ങിയപ്പോള്‍ മകനെയും കമ്പിവടി കൊണ്ട് മര്‍ദിച്ചതായി ഷംല പറയുന്നു. തടയാനെത്തിയ ഷംലയ്ക്കും മര്‍ദനമേറ്റു. അമ്മയാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് അക്രമി ആവശ്യപ്പെട്ടതായി ഷംല പറയുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം ഷംലയ്ക്കും മകനുമെതിരെ ആരോപണവിധേയനായ ആളും പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News