കാസർകോഡ്: ബേക്കൽ കോട്ട കാണാനെത്തിയ യുവാവിനെയും പെൺ സുഹൃത്തിനേയും ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. പള്ളിക്കര ബേക്കൽ താഴെ കെകെഹൗസിൽ കെ കെ അബ്ദുൽ ബാസിത്ത് (അബ്ദുൽ വാഷിദ് 31), മൗവ്വൽ കോളനിയിലെ എം ശ്രീജിത്ത് (23), ബേക്കൽകുന്ന് ഹദ്ദാദ് നഗറിലെ കെ എം അഹമ്മദ് കബീർ (30) എന്നിവരാണ് അറസ്റ്റിലായത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.
പെരുന്നാൾ ദിവസം വൈകിട്ട് ബേക്കൽ കോട്ടയിലെത്തിയ മുള്ളേരിയ ഭാഗത്തെ യുവാവിനേയും പെൺസുഹൃത്തിനേയുമാണ് പ്രതികൾ ആക്രമിച്ചത്. കോട്ടയുടെ കാർ പാർക്കിങ് ഏരിയയിൽ വച്ച് ആക്രമണമുണ്ടായത്. ഇരുചക്രവാഹനങ്ങളിൽ എത്തിയ നാലംഗ സംഘം കാർ തടഞ്ഞു നിർത്തി ഇരുവരേയും വലിച്ചിറക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ കയ്യിൽ ഉണ്ടായിരുന്ന സ്വർണ ചെയിനും കാറിന്റെ പിൻസിറ്റിലെ ബാഗിലുണ്ടായിരുന്ന 5000 രൂപയും തട്ടിയെടുത്തു എന്നാണ് പരാതി.
സംഭവത്തിന് പിന്നാലെ പ്രതികൾ സഞ്ചരിച്ച ഒരു വാഹനത്തിന്റെ നമ്പർ പരാതിക്കാരൻ പോലീസിനു കൈമാറിയിരുന്നു. പോലീസെത്തി സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രിയോടെയാണ് മൂവരും പിടിയിലായത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായവർ സ്ഥിരം കുറ്റവാളികൾ ആണെന്നും ഇവർക്കെതിരെ ബേക്കൽ സ്റ്റേഷനിൽ വേറെയും കേസുകൾ ഉണ്ടെന്നും പോലീസ് അറിയിച്ചു. എഎസ്ഐ പി എ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധീർ ബാബു, സിവിൽ പൊലീസ് ഓഫിസർമാരായ വിനീഷ് ,രാകേഷ് ,നിധിൻ, ഡ്രൈവർ സരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.