എയര്‍ഹോസ്റ്റസായി ജോലി ലഭിച്ചിട്ട് രണ്ടാഴ്ച; മലയാളി പെണ്‍കുട്ടി ഹരിയാനയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ഇടുക്കി: മലയാളി എയര്‍ ഹോസ്റ്റസ് ഹരിയാനയിലെ ഗുഡ്ഗാവില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. തങ്കമണി ചെമ്പകപ്പാറ തമ്പാന്‍സിറ്റി വാഴക്കുന്നേല്‍ ബിജുവിന്റേയും സീമയുടേയും മകള്‍ ശ്രീലക്ഷ്മിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസായിരുന്നു. എയര്‍ ഹോസ്റ്റസായി ജോലി ലഭിച്ച് രണ്ടാഴ്ച തികയും മുമ്പാണ് ശ്രീലക്ഷ്മിയുടെ മരണം. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

ശ്രീലക്ഷ്മി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു എന്നാണ് ഗുഡ്ഗാവ് പൊലീസ്, തങ്കമണി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അറിയിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഗുഡ്ഗാവ് പൊലീസ് തങ്കമണി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം കൈമാറുന്നത്. ഞായറാഴ്ച രാത്രിയിലും വീട്ടുകാരുമായി ശ്രീലക്ഷ്മിക്ക് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. അപ്പോഴൊന്നും ഒരു അസ്വാഭാവികതയും അനുഭവപ്പെട്ടിട്ടില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ശ്രീലക്ഷ്മിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല എന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണം എന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ആറ് മാസത്തെ പരിശീലനത്തിന് ശേഷം ജൂണ്‍ ആറിനാണ് ശ്രീലക്ഷ്മി എയര്‍ ഹോസ്റ്റസായി എയര്‍ ഇന്ത്യയില്‍ ജോലിക്ക് ചേര്‍ന്നത്. മേയ് രണ്ടാം വാരത്തോടെ വീട്ടിലെത്തിയ ശ്രീലക്ഷ്മി ജൂണ്‍ രണ്ടിനാണ് തിരികെ ഹരിയാനയിലേക്ക് മടങ്ങിയത്.

അതേസമയം ശ്രീലക്ഷ്മിയുടെ സംസ്‌കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍ വെച്ച് നടക്കും. ശ്രീദേവികയാണ് മരിച്ച ശ്രീലക്ഷ്മിയുടെ സഹോദരി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News