മ്യൂണിക്ക്: ഇടിക്കൂട്ടിലെ സൂപ്പര്‍ താരം മൂസ യമാക്കിന് ദാരുണാന്ത്യം. ബോക്‌സിംഗ് മത്സരത്തിനിടെ ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു താരം. ബോക്‌സിംഗ് കളത്തില്‍ ഇതുവരെ തോല്‍വിയറിയാത്ത താരമാണ് മൂസ യമാക്ക്. ജര്‍മനിയുടെ മുന്‍നിര ചാമ്പ്യന്‍ താരം കൂടിയാണ് യമാക്ക്. ഉഗാണ്ടയുടെ ഹംസ വാന്‍ഡേരയുമായിട്ടായിരുന്നു യമാക്കിന്റെ മത്സരം. മ്യൂണിക്കില്‍ വെച്ച് നടന്ന മത്സരത്തിനിടെ 38കാരനായ യമാക്ക് നെഞ്ചുവേദന വന്ന് വീഴുകയായിരുന്നു.
ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബോക്‌സിംഗ് മേഖലയ്ക്ക് അപ്രതീക്ഷിത വിയോഗമാണ് ഇത്. നേരത്തെ തന്നെ ബോക്‌സിംഗ് താരങ്ങള്‍ സ്‌റ്റെറോയിഡുകള്‍ അടക്കം ഉപയോഗിക്കുന്നത് മരണങ്ങള്‍ കാരണമാകുന്നതായി പഠനങ്ങള്‍ ഒക്കെ വന്നിരുന്നു. പക്ഷേ യമാക്കിന്റെ മരണം അത് കൊണ്ടാണെന്ന് സ്ഥിരീകരണമില്ല.
അലൂക്രയില്‍ നിന്നുള്ള ബോക്‌സറായിരുന്നു യമാക്ക്. ഞങ്ങളുടെ സഹകളിക്കാരനെയാണ് നഷ്ടമായത്. യൂറോപ്പ്യന്‍-ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ യമാക് നേടിയിരുന്നു. വളരെ ചെറുപ്രായത്തിലാണ് താരത്തിന്റെ വിയോഗമെന്ന് തുര്‍ക്കിഷ് അധികൃതര്‍ പറഞ്ഞു. തുര്‍ക്കിഷ് വംശജനാണ് യമാക്ക്. മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗും ഇതോടൊപ്പം നടക്കുന്നുണ്ടായിരുന്നു. മത്സരത്തിന്റെ മൂന്നാം റൗണ്ട് തുടങ്ങാനിരുന്ന സമയത്താണ് താരം ഹൃദയാഘാതത്തെ തുടര്‍ന്ന് വീണത്. വാന്‍ഡേരയുടെ തകര്‍പ്പനൊരു പഞ്ച് യമാക്കിന്റെ മുഖത്ത് കൊണ്ടിരുന്നു. രണ്ടാം റൗണ്ടിന്റെ അവസാനം നടന്ന ഈ പഞ്ചിലാണ് താരം വീണത്. ഇതാണ് മരണത്തിലേക്ക് നയിച്ചത്.
മൂന്നാം റൗണ്ടില്‍ വാന്‍ഡേരയെ നേരിടാനായി യമാക്ക് എത്തേണ്ടതായിരുന്നു. എന്നാല്‍ അത് തുടങ്ങും മുമ്പ് തന്നെ യമാക്ക് വീണിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍മാരും ഫിസിയോകളും ഉടനെ തന്നെ റിംഗിലേക്ക് ഓടിയെത്തിയിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കി അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനായിരുന്നു അവരുടെ ശ്രമമെന്നും ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. സമീപത്ത് തന്നെയുള്ള ആശുപത്രിയിലേക്ക് താരത്തെ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ഡോക്ടര്‍മാര്‍ മരണം ഹൃദയാഘാതം കാരണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കായിക മേഖലയ്ക്ക് തന്നെ തീരാനഷ്ടമായി മാറിയിരിക്കുകയാണ് യമാക്കിന്റെ വിയോഗം.
ആരാധകര്‍ വൈകാരിമായി നില്‍ക്കുന്ന രംഗമാണ് പിന്നീട് കണ്ടത്. ബോക്‌സിംഗ് റിംഗില്‍ കുടുംബാംഗങ്ങള്‍ അടക്കമുണ്ടായിരുന്നു. അതേസമയം ആരാധക രോഷം മുഴുവന്‍ ഡോക്ടര്‍മാര്‍ക്ക് നേരെയാണ്. വൈദ്യസഹായം നല്‍കിയവര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടാകുമെന്ന് പോലീസ് ഭയന്നിരുന്നു. കൂടുതല്‍ പോലീസിനെ ഇവിടെ പട്രോളിംഗിനായി നിയോഗിച്ചിട്ടുണ്ടെന്ന് മ്യൂണിക്ക് പോലീസ് പറഞ്ഞു. പാരാമെഡിക്കുകളെ സുരക്ഷിതമായി ജോലി ചെയ്യാന്‍ അനുവദിക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. അതിനായി ഒരു പോലീസ് വ്യൂഹം തന്നെ ഒരുക്കിയിരുന്നു.
എട്ട് മത്സരങ്ങളില്‍ പരാജയം അറിയാതെയാണ് യമാക്ക് കുതിപ്പ് നടത്തിയത്. എല്ലാ ജയവും നോക്കൗട്ടിലായിരുന്നു. 2017ലാണ് യമാക്ക് പ്രൊഫഷണല്‍ ബോക്‌സിംഗിലേക്ക് മാറുന്നത്. 2021ലെ ഡബ്ല്യുബി ഫെഡ് ഇന്റര്‍നാഷണല്‍ കിരീടം നേടിയതോടെ ആഗോള ശ്രദ്ധ നേടിയിരുന്നു താരം. സൂപ്പര്‍ താരമായി ഉയര്‍ന്നതും ഇതിന് ശേഷമാണ്.