KeralaNews

അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ട്.ഒറ്റപെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച അതി ശക്തമായ മഴക്കും മെയ് 29 മുതല്‍ ജൂണ്‍ രണ്ടു വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിലും കർണാടകയിലും ലക്ഷദ്വീപിലുമായി തുടർച്ചയായി 2 ദിവസം 2.5 മില്ലിമീറ്ററോ അതിൽ കൂടുതലോ മഴ, അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയുടെ തോത്, ഭൂമിയിൽ നിന്ന് ഉയരത്തിലേക്കു പോകുന്ന ചൂടിന്റെ വികരണത്തിന്റെ തോത് കുറഞ്ഞിരിക്കുക എന്നീ ഘടകങ്ങൾ ഒത്തുവരുമ്പോഴാണ് കാലവർഷം എത്തിയെന്ന പ്രഖ്യാപനം വരുന്നത്.

ഇത്തവണ മേയ് 31നു കാലവർഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂൺ എട്ടിനായിരുന്നു കാലവർഷത്തിന്റെ വരവ്. കഴിഞ്ഞ 5 വർഷത്തിനിടെ 2022ലാണ് കാലവർഷം മേയിൽ എത്തിയത്. അന്ന് മേയ് 29നാണ് മൺസൂൺ എത്തിയതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്  തീവ്രമഴയ്ക്ക് സാധ്യത. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം ജില്ലയിലും മഴ ശക്തമായി. ഉച്ച തിരിഞ്ഞ് ജില്ലയിൽ കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് ഓറഞ്ചായി മാറി. രാവിലെ യെലോ അലർട്ട് ആയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button