കൊച്ചി:മോൺസൺ മാവുങ്കലിന് ഉന്നതബന്ധങ്ങളിലേക്കു വഴിയൊരുക്കിയത് ഇറ്റലിയിൽ താമസിക്കുന്ന കൊച്ചി സ്വദേശിനിയായ അനിത പുല്ലയിലും ഇവരുടെ സ്വാധീനങ്ങളാണ് പ്രവാസികളെ കുരുക്കിലാക്കിയതെന്നുമുള്ള ചർച്ചകളിലാണ് പ്രവാസി മലയാളിലോകം. മോൺസണുമായി അടുത്ത സൗഹൃദമായിരുന്നു യുവതിക്ക്. ഇത് പ്രവാസി ഫെഡറേഷനിൽ ഉള്ളവർക്കെല്ലാം അറിയാമായിരുന്നു. ഫെഡറേഷനിൽ മോൺസണ് ശക്തമായ സ്വാധീനമുണ്ടാക്കാൻ സഹായിച്ചതും ഈ കൂട്ടുതന്നെ.
ഇവർക്ക് കേരള പോലീസിലെ ഉന്നതരുമായും രാഷ്ട്രീയ പ്രമുഖരുമായും അടുത്ത ബന്ധമുണ്ട്. സൈബർ സുരക്ഷയ്ക്കായി കൊച്ചിയിൽ പോലീസ് നടത്തിയ ‘കൊക്കൂൺ’ സമ്മേളനത്തിലും ലോക കേരളസഭയുടെ പരിപാടിയിലുമെല്ലാം ഇവർ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ഉന്നതരുമായി അടുത്ത സൗഹൃദമുണ്ടെന്ന് ഇവരുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽനിന്ന് വ്യക്തം. പോലീസ് ഉദ്യോഗസ്ഥരുമായി ഇവർ ഉണ്ടാക്കിയെടുത്ത ബന്ധമാണ് പിന്നീട് മോൺസൺ തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയതെന്നാണു കരുതുന്നത്.
ഒരു ഉന്നത പോലീസ് ഓഫീസർ നടത്തുന്ന പ്രവർത്തനങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ യുവതി തുടർച്ചയായി ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്. ഫെഡറേഷന്റെ കുടുംബ സംഗമങ്ങളിൽ മോൺസണൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇവർ സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പല പരിപാടികളുടെയും പ്രധാന പങ്കാളി മോൺസന്റെ കമ്പനിയായിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് പിന്നീട് പ്രവാസികളെ അടക്കം മോൺസൺ തട്ടിപ്പിൽ വീഴിത്തിയത്.
മോൺസണും യുവതിയും എന്തിനാണ്, എപ്പോഴാണ് തെറ്റിയതെന്നു വ്യക്തമല്ല. മോൺസൺ നടത്തിയ തട്ടിപ്പുകളെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിട്ടും പുറത്തുപറയാതിരുന്നതാണെന്നു കരുതുന്നു. തെറ്റിയപ്പോൾ വിവരങ്ങൾ പുറത്തുവിട്ടതായിരുന്നോ എന്നും സംശയിക്കുന്നു. മോൺസൺ പീഡിപ്പിച്ചവരുടെ വിവരങ്ങൾ തനിക്ക് അറിയാമെന്നും തെളിവുകൾ നൽകാമെന്നും യുവതി പരാതിക്കാരെ അറിയിച്ചിരുന്നു.
അടുത്ത ബന്ധമുള്ള ഒരു സ്ത്രീവഴിയാണ് മോൺസൺ പ്രവാസി യുവതിയുമായി അടുപ്പമുണ്ടാക്കിയതെന്ന് വിവരം. നിരവധി പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുള്ളയാളാണ് ഈ സ്ത്രീയെന്നും സൂചനയുണ്ട്. ഈ ബന്ധമാണ് പ്രവാസിയുവതിയും പോലീസുകാരുമായുള്ള ബന്ധത്തിന് വഴിയൊരുക്കിയതെന്നും സൂചനയുണ്ട്.
പ്രവാസിയുവതി പോലീസ് ആസ്ഥാനത്തെത്തി ഉയർന്ന ഉദ്യോഗസ്ഥരെ കണ്ടിരുന്നുവെന്നതും സൗഹൃദപ്പട്ടികയിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുണ്ടെന്നതും ചർച്ചയായിരുന്നു. മോൺസണെ പ്രവാസിയുവതിക്ക് പരിചയപ്പെടുത്തിയ സ്ത്രീയ്ക്ക് വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ ഉൾെപ്പടെയുള്ളവരുമായി ബന്ധമുണ്ട്.
ഇവരുടെ മകന് ഒരു പോലീസ് ഉദ്യോഗസ്ഥയുമായി വിവാഹാലോചന നടന്നിട്ടുണ്ടെന്നും പറയുന്നുണ്ട്. പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്കുൾെപ്പടെ തട്ടിപ്പുകാരനുമായി ബന്ധമുണ്ടെന്ന് കണ്ടതോടെ ഉദ്യോഗസ്ഥർക്കിടയിൽ പരസ്പരം ചെളിവാരി എറിയലും നടക്കുന്നുണ്ട്.