കൊച്ചി: രാഷ്ട്രീയ, സിനിമാ മേഖലയിലെയും പോലീസിലെയും നിരവധി പ്രമുഖരുമായി ബന്ധമുള്ള മോന്‍സണ്‍ മാവുങ്കല്‍ മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരത്തെ വീട്ടിലെത്തിക്കാന്‍ പല തവണ നടത്തിയ ശ്രമങ്ങള്‍ വിഫലമായി.ഈ നടനുമായി ഏറെ അടുപ്പമുള്ള ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹികളിലൊരാളെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയിരുന്നു.
ഇയാളെ മോന്‍സണ്‍ തന്റെ പുരാവസ്തുശേഖരങ്ങള്‍ കാണിച്ചശേഷം സൂപ്പര്‍താരത്തെ ഒരു ദിവസം വീട്ടിലേക്ക് കൊണ്ടുവരണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. മോന്‍സന്റെ മോഹം ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി സൂപ്പര്‍താരത്തെ ധരിപ്പിച്ചെങ്കിലും അദ്ദേഹം അനുകൂലമായല്ല പ്രതികരിച്ചത്.
പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമില്ലെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. കേസിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ഹൈബി മാധ്യമങ്ങളോട് പറഞ്ഞു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. പ്രവാസി സംഘടനയുടെ ഭാരവാഹികള്‍ ക്ഷണിച്ചപ്പോള്‍ മാത്രമാണ് മോന്‍സന്റെ വീട് സന്ദര്‍ശിച്ചതെന്നും ഹൈബി വ്യക്തമാക്കി.
അതേസമയം മോന്‍സണ്‍ മാവുങ്കലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവതി രംഗത്ത് വന്നു. ബലാത്സംഗ കേസില്‍ നിന്ന് സുഹൃത്തുക്കളെ രക്ഷിക്കാന്‍ ഇടപെട്ടുവെന്നാണ് പരാതിക്കാരിയായ യുവതിയുടെ ആരോപണം. ഹണിട്രാപ്പില്‍ കുടുക്കുമെന്നായിരുന്നു മോന്‍സന്റെ ഭീഷണി. ഉന്നത സ്വാധീനമുപയോഗിച്ച് കുടുംബത്തെ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി യുവതി ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
നഗ്‌നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് മോന്‍സണ്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകള്‍ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. പരാതി പിന്‍വലിക്കാതായതോടെ ഗുണ്ടകളെ വീട്ടിലയച്ചും ഭീഷണി തുടര്‍ന്നു. കേസ് കൈകാര്യം ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ഉന്നത സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റിച്ചു. മോന്‍സന്റെ ഉന്നതരുമായുള്ള സ്വാധീനം ഉപയോഗിച്ചാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്നും യുവതി പറയുന്നു.