ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു (Monkeypox Confirmed in Delhi). മൗലാന അബ്ദുള്‍ കലാം ആശുപത്രിയില്‍ ചികിത്സയിലുള്ള 31 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.
ഇയാള്‍ വിദേശയാത്ര നടത്തിയിട്ടില്ല എന്നത് ആശങ്കയേറാന്‍ കാരണമായിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ മങ്കീപോക്സ് ബാധയുണ്ടായിരുന്നത് കേരളത്തില്‍ മാത്രമായിരുന്നു. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂര്‍,മലപ്പുറം സ്വദേശികള്‍ക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നത്. കേരളത്തിന് പുറത്തും രോഗബാധ റിപ്പോര്‍ട്ട് ചെയ്യുകയും വിദേശയാത്ര ചരിത്രം ഇല്ലാത്തയാള്‍ രോഗബാധിതനാവുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചേക്കും.
മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. 75 രാജ്യങ്ങളിലായി പതിനാറായിരം പേരില്‍ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്സ് രോഗപ്പകര്‍ച്ച ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ലോകാരോഗ്യ വിദഗ്ധരുടെ ഉന്നതതല യോഗത്തിന് ശേഷം ഡബ്ല്യുഎച്ച്‌ഒ മേധാവി റ്റെഡ്‌റോസ് അധാനോം ആണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.
മൂന്ന് സാഹചര്യങ്ങള്‍ ചേര്‍ന്ന് വന്നാല്‍ മാത്രമാണ് ഒരു രോഗത്തെ ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുന്നത്. അസാധാരണവും അതിവേഗത്തിലുള്ളതുമായ രോഗപ്പകര്‍ച്ച ഉണ്ടാകുമ്ബോള്‍, ആ രോഗപ്പകര്‍ച്ച രാജ്യാതിരുകള്‍ ഭേദിച്ച് പടരുമ്ബോള്‍, രോഗത്തെ തടയണമെങ്കില്‍ എല്ലാ രാജ്യങ്ങളുടെയും കൂട്ടായ ശ്രമം ആവശ്യമുള്ളപ്പോള്‍. മങ്കിപോക്സിന്‍റെ കാര്യത്തില്‍ ഇതെല്ലം ചേര്‍ന്നുവന്നിരിക്കുന്നു.
നാല് പതിറ്റാണ്ട് ആഫ്രിക്കയില്‍ മാത്രം ഒതുങ്ങിനിന്ന രോഗം കഴിഞ്ഞ മൂന്ന് മാസത്തിനിടെ പടര്‍ന്നത് 75 രാജ്യങ്ങളിലെ 16000 പേരിലേക്കാണ്. ഇതിന് മുന്‍പ് ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചത് കൊവിഡിനെയാണ്. ചൈനയ്ക്ക് പുറത്ത് വെറും 82 കൊവിഡ് രോഗികള്‍ മാത്രം ഉള്ളപ്പോഴാണ് ആഗോള പകര്‍ച്ചവ്യാധിയായി കൊവിഡിനെ പ്രഖ്യാപിച്ചത്. കൊവിഡ് പോലുള്ള രോഗപ്പകര്‍ച്ച മങ്കിപോക്സിന്‍റെ കാര്യത്തില്‍ ഉണ്ടാവില്ലെന്നാണ് ഇപ്പോഴും ആഗോള ഗവേഷകര്‍ പറയുന്നത്.
ഇതുവരെ ലോകത്ത് ആകെ അഞ്ച് മങ്കിപോക്സ് മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധി ആയി പ്രഖ്യാപിച്ചത് അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പില്‍ ഡബ്ല്യുഎച്ച്‌ഒ ലോകരാജ്യങ്ങളോട് മൂന്ന് അഭ്യര്‍ത്ഥനകള്‍ നടത്തി. രോഗത്തെ നേരിടാന്‍ കൃത്യവും ശാസ്ത്രീയവുമായ പദ്ധതി തയാറാക്കണം. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പകരുന്നത് തടയാന്‍ ശാസ്ത്രീയ പ്രതിരോധ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തണം. പരിശോധനയ്ക്കും ചികിത്സയ്ക്കും രോഗ സാധ്യതയുള്ളവരില്‍ പ്രതിരോധ വാക്സിനേഷന്‍ സംവിധാനം വേണം.
പലവട്ടം നടന്ന കൂടിയാലോചനകള്‍ക് ഒടുവില്‍ നിര്‍ണായക തീരുമാനം ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതോടെ ഇനിയങ്ങോട്ട് ജാഗ്രതയുടെ നാളുകളാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗം പകര്‍ന്ന വേഗത വെച്ച് നോക്കുമ്ബോള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ സുപ്രധാന രോഗപ്രതിരോധ നടപടികളിലേക്ക് കടക്കേണ്ട കാലമായി എന്നര്‍ത്ഥം.