പതിനായിരം ഇട്ടാല്‍ ദിവസവും 200 രൂപ! വീണ്ടും മണി ചെയിന്‍ തട്ടിപ്പ്; നഷ്ടമായത് കോടികള്‍

കാഞ്ഞങ്ങാട്: വീണ്ടും നിക്ഷേപ തട്ടിപ്പ്, കാഞ്ഞങ്ങാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടമായത് കോടികള്‍. മലപ്പുറം കേന്ദ്രീകരിച്ച സ്വകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാണ് പലരുടെയും പണം പോയത്. തുടര്‍ന്ന് പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി. പതിനായിരം രൂപ നിക്ഷേപിച്ചാല്‍ ദിവസവും 200 രൂപ വീതം അക്കൗണ്ടിലേക്ക് എത്തുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം നിക്ഷേപിച്ചത്.

ആദ്യത്തെ പത്ത് ദിവസം അക്കൗണ്ടുകളിലേക്ക് പണം കൃത്യമായി വന്നു. ഇതില്‍ വിശ്വസിച്ച് പലരും നിക്ഷേപ തുക ഇരട്ടിയാക്കി. പതിനായിരത്തിന് പകരം ഇരുപതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിച്ചപ്പോള്‍ ആദ്യമൊക്കെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പണം വരവ് നിലച്ചതോടെയാണ് പലരും സ്ഥാപനം നടത്തുന്നവരെ അന്വേഷിച്ചിറങ്ങിയത്.

സംഘം മലപ്പുറം നിലമ്പൂര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതിയുമായെത്തിയത്. തട്ടിപ്പ് നടത്തി സംഘം മൂന്നര കോടിയോളം രൂപയുമായി മുങ്ങിയെന്നാണ് പോലീസ് സംശയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News