‘മണി ഹീസ്റ്റ്’ വീണ്ടുമെത്തുന്നു, വമ്പൻ പ്രഖ്യാപനവുമായി നെറ്റ്ഫ്‌ളിക്‌സ്

'ബെല്ല ചാവ്' ഇനിയും മുഴങ്ങും; മണി ഹീസ്റ്റ് വീണ്ടുമെത്തുന്നു, വമ്പൻ പ്രഖ്യാപനവുമായി നെറ്റ്ഫ്‌ളിക്‌സ്

ന്യൂയോർക്ക്: ലോകമാകെയുള്ള പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത സ്പാനിഷ് വെബ് സീരീസാണ് മണി ഹീസ്റ്റ്. നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തെത്തിയ സീരീസിന്റെ മൂന്ന് സീസണുകളും വമ്പൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. മണി ഹീസ്റ്റിന്റെ ലോകം അവസാനിച്ചിട്ടില്ല എന്നാണ് സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചിരിക്കുന്നത്. ഇതോടെ പ്രൊഫസറുടേയും സംഘത്തിന്റേയും അടുത്ത ദൗത്യത്തിനായി ആവേശത്തോടെയുള്ള കാത്തിരിപ്പ് തുടങ്ങിയിരിക്കുകയാണ് ആരാധകർ.

മേയ് 15-ന് ആഗോളതലത്തിൽ പ്രീമിയർ ചെയ്യാനിരിക്കുന്ന ബെർലിൻ ആൻഡ് ദി ലേഡി വിത്ത് ആൻ എർമിൻ എന്ന ബെർലിൻ സീസൺ 2 സീരീസിന്റെ റിലീസിന് മുന്നോടിയായാണ് നെറ്റ്ഫ്‌ളിക്‌സ് മണി ഹീസ്റ്റിനെ കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവിട്ടത്. മണി ഹീസ്റ്റിലെ ബെർലിൻ എന്ന കഥാപാത്രത്തിന്റെ സ്പിൻ ഓഫാണ് ഈ സീരീസ്. ‘മണി ഹീസ്റ്റിന്റെ ലോകം തുടരുന്നു’ എന്ന ക്യാപ്ഷനോടെ ഒരു ടീസറാണ് മണി ഹീസ്റ്റിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടും നെറ്റ്ഫ്‌ളിക്‌സും ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം മുൻസീസണുകളുടെ നേരിട്ടുള്ള തുടർച്ചയാണോ അതോ മറ്റൊരു സ്പിൻ ഓഫാണോ വരാനിരിക്കുന്നത് എന്ന് വ്യക്തമല്ല.

ജമ്പ് സ്യൂട്ടുകൾ ധരിച്ച കഥാപാത്രങ്ങൾ, മെഷീൻ ഗണ്ണുകൾ, സ്വർണ ബിസ്‌കറ്റുകൾ, എണ്ണമറ്റ പണം എന്നിവയെല്ലാമുൾപ്പെട്ട ഗംഭീര ടീസറാണ് അണിയറക്കാർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ‘ബെല്ല ചാവ് ഇനിയും മുഴങ്ങും, മണി ഹീസ്റ്റിന്റെ ലോകം തുടരുന്നു’ എന്നാണ് ടീസറിനൊപ്പം ഉള്ളത്. റോയൽ മിന്റിലേയും ബാങ്ക് ഓഫ് സ്‌പെയിനിലേയും മുൻ സീസണുകളിലെ കവർച്ചകളാണ് ടീസറിലുള്ളത്.

‘പണത്തിലാണ് തുടങ്ങിയത്. പിന്നീട് സ്വർണവും വിലമതിക്കാനാകാത്ത നിധിയും വന്നു. എന്നാൽ വിപ്ലവം ഇതുവരെ അവസാനിച്ചിട്ടില്ല. അടുത്തതായി വരുന്നത് ഇതിനകം തുടങ്ങിക്കഴിഞ്ഞു. മണി ഹീസ്റ്റിന്റെ ലോകം തുടരുന്നു’ എന്നീ വാചകങ്ങൾ ടീസറിൽ കാണാം.

നേരത്തേ മണി ഹീസ്റ്റ് അവസാനിച്ചിട്ടില്ല എന്ന സൂചന നൽകി നെറ്റ്ഫ്‌ളിക്‌സ് വമ്പനൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. സ്‌പെയിനിലെ സെവില്ലിൽ ഗ്വാഡാൽക്വിവിർ നദിയുടെ തീരത്ത് ആയിരക്കണക്കിന് ആരാധകരെ അണിനിരത്തിയത്. മണി ഹീസ്റ്റിന്റെ സിഗ്നേച്ചറായ ജമ്പ് സ്യൂട്ടുകളും ഡാലി മാസ്‌കുകളും ധരിച്ച ആളുകളുമായി ബോട്ട് നദിയിലൂടെ ഒഴുകി നീങ്ങിയപ്പോൾ ബെല്ല ചാവ് എന്ന ഗാനം ആരാധകരിൽ നിന്നുയർന്നു. മേയ് ഒമ്പതിനായിരുന്നു ഈ പരിപാടി.

നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും കൂടുതൽ പേർ കണ്ട ഇംഗ്ലീഷ് ഇതര ഭാഷാ സീരീസാണ് മണി ഹീസ്റ്റ്. പ്രൊഫസർ എന്നറിയപ്പെടുന്ന അതിബുദ്ധിമാന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ വമ്പൻ കൊള്ള നടത്തുന്നതാണ് സീരീസിന്റെ ഇതിവൃത്തം. ആദ്യ സീസണിൽ സ്‌പെയിനിലെ റോയൽ മിന്റും രണ്ടാം സീസണിൽ ബാങ്ക് ഓഫ് സ്‌പെയിനുമാണ് സംഘം കൊള്ളയടിച്ചത്. സംഘത്തിലെ പ്രൊഫസർക്ക് പുറമെയുള്ള ഓരോരുത്തരും ലോകത്തിലെ വിവിധ നഗരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News