ചെന്നൈ: വിജയ് മുഖ്യമന്ത്രിയായുള്ള, തമിഴ്നാട്ടിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ‘വന്ദേമാതരം’ ആദ്യം ആലപിച്ചതിൽ വിശദീകരണവുമായി ടിവികെ. ഗവർണറുടെ നിർദേശപ്രകാരമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഭാവിയിൽ ഈ രീതി തുടരില്ലെന്നും മന്ത്രിയും ടിവികെ നേതാവുമായ ആദവ് അർജുന അറിയിച്ചു.
സത്യപ്രതിജ്ഞ ചടങ്ങിൽ ആദ്യം വന്ദേമാതരം, തുടർന്ന് ദേശീയ ഗാനം, മൂന്നാമതായി തമിഴ്നാടിന്റെ സംസ്ഥാനഗാനം എന്നിവയാണ് ആലപിച്ചിരുന്നത്. ഇത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. തമിഴ്‌നാടിന്റെ സംസ്ഥാന ഗീതമായ തമിഴ് തായ് വാഴ്ത്തിനെ അവഗണിച്ചെന്ന് ആരോപിച്ച് ഡിഎംകെയടക്കമുള്ള പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ടിവികെ രംഗത്തെത്തിയത്.
തമിഴ്‌നാട്ടിലെ എല്ലാ പൊതുപരിപാടികളിലും ആദ്യം തമിഴ് പ്രാർഥനാ ഗീതവും അവസാനത്തിൽ ദേശീയ ഗാനവും ആലപിക്കുന്നതാണ് രീതി. ഇതാണ് ശരിയായ രീതിയെന്നും ആദവ് എക്‌സിൽ കുറിച്ചു. 'ഈ രീതിയിൽ ടിവികെയ്ക്ക് ഭിന്നാഭിപ്രായം ഇല്ല. പുതിയ സമ്പ്രാദയത്തോട് ഞങ്ങൾക്ക് യോജിപ്പില്ല. അത് തമിഴ്‌നാടിനും അനുയോജ്യമല്ല' അദ്ദേഹം പറഞ്ഞു.
ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശപ്രകാരമാണ് ഇങ്ങനെ സംഭവിച്ചതെന്നും തമിഴ്‌നാട് മന്ത്രി കൂട്ടിച്ചേർത്തു.
'ഈ വിഷയം ഗവർണറുടെ മുന്നിൽ ഞങ്ങൾ ഉയർത്തിയിരുന്നു, യൂണിയൻ സർക്കാരിൽനിന്നുള്ള പുതിയ സർക്കുലർ അനുസരിച്ച് പ്രവർത്തിക്കേണ്ട ഉത്തരവാദിത്തമുള്ള അധികാരി എന്ന നിലയിൽ ഗവർണർക്ക് പ്രവർത്തിക്കേണ്ടതുണ്ട് എന്ന് അറിയിച്ചു. അതനുസരിച്ച്, ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ, തമിഴ്നാടിന്റെ സംസ്ഥാനഗീതം മൂന്നാമതായി ആലപിച്ചു. എന്നാൽ ഭാവിയിൽ ഈ പുതിയ സമ്പ്രദായം പിന്തുടരില്ല. പകരം, പഴയ സമ്പ്രദായം അനുസരിച്ച്, പരിപാടിയുടെ തുടക്കത്തിൽ തമിഴ്നാടിന്റെ സംസ്ഥാനഗീതം ആലപിക്കുകയും അവസാനം ദേശീയഗാനം ആലപിക്കുകയും ചെയ്യും' ആദവ് അർജുന വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും, സംസ്ഥാന ഭാഷാ പ്രാർത്ഥനാ ഗാനം പരിപാടിയുടെ തുടക്കത്തിൽ ആലപിക്കണം. അതിനായി കേന്ദ്ര സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കണം. അതാണ് മുഴുവൻ തമിഴ്‌നാട് ജനതയുടെയും ഞങ്ങളുടെയും ദൃഢമായ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


